കർഷക സമരത്തിനെതിരെ നടപടിവേണമെന്ന് സുപ്രീം കോടതിയോട് ബാർ അസോസിയേഷൻ
text_fieldsന്യൂഡൽഹി: ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ബാർ അസോസിയേഷൻ (എസ്.സി.ബി.എ) ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ് അഗർവാലയാണ് ചൊവ്വാഴ്ച കത്തെഴുതിയത്.
കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പരമാവധി ശ്രമിച്ചിട്ടും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ചില കർഷകർ ഫെബ്രുവരി 13 ന് ദേശീയ തലസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിന് ഒരുങ്ങുകയാണണെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് താൻ കത്തെഴുതുന്നതെന്നും അഗർവാല കത്തിൽ പറയുന്നു.
ഗതാഗതക്കുരുക്ക് മൂലം അഭിഭാഷകർക്ക് എത്തിപ്പെടാൻ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിൽ അഭിഭാഷകരുടെ അഭാവം മൂലം പ്രതികൂലമായ വിധി പുറപ്പെടുവിക്കരുതെന്ന് കോടതികളോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് കത്തിൽ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടതായി പറഞ്ഞ ചീഫ് ജസ്റ്റിസ്, കർഷകരുടെ പ്രതിഷേധം കാരണം ഏതെങ്കിലും അഭിഭാഷകൻ യാത്രാക്ലേശം നേരിടുന്നുണ്ടെങ്കിൽ തങ്ങൾ അത് അഡ്ജസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകി.
എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് രാവിലെ കർഷകർ 'ദില്ലി ചലോ' മാർച്ചിന് തുടക്കം കുറിച്ചത്. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് രാവിലെ 10ന് സമരം തുടങ്ങിയത്.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതരം പ്രയോഗിച്ചു. കർഷകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ശ്രമം. വൻതോതിൽ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകൾ, സ്ഫോടക വസ്തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയിൽ കരുതാൻ പാടില്ല. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.