കാർഷിക നിയമങ്ങൾക്ക് സുപ്രീംകോടതി സ്റ്റേ; നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് സുപ്രീംകോടതി സ്റ്റേ. മൂന്നു കാർഷിക നിയമങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് സ്റ്റേ ചെയ്തത്.
വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെ സുപ്രീംകോടതി രൂപീകരിച്ചു. അശോക് ഗുലാത്തി (കാർഷിക ശാസ്ത്രജ്ഞൻ), ഡോ. പ്രമോദ് കുമാർ ജോഷി (രാജ്യാന്തര നയ രൂപീകരണ വിദഗ്ധൻ), ഹർസിമ്രത് മാൻ, അനി ഗൻവന്ദ് (ശിവകേരി സംഘട്ടൻ, മഹാരാഷ്ട്ര) എന്നിവരാണ് സമിതി അംഗങ്ങൾ. ഡി.എം.കെ എം.പി തിരുച്ചി ശിവ, ആർ.ജെ.ഡി എം.പി മനോജ് കെ. ഝാ അടക്കമുള്ളവരുടെ ഹരജികൾ പരിഗണിച്ചാണ് കോടതി വിധി.
അതേസമയം, കാർഷിക നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ കർഷക സംഘടനകളുടെ യോഗം ഉച്ചക്ക് രണ്ടരക്ക് ചേരും.
കർഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും വിദഗ്ധ സമിതി കോടതി നടപടികളുടെ ഭാഗമാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിലെ യഥാർഥ ചിത്രം കോടതിക്ക് മനസിലാക്കണം. സംഘടനകളുടെ അഭിപ്രായം കേൾക്കണം. സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന ഹരജിക്കാരുടെ വാദം കേൾക്കേണ്ട. വിഷയം പ്രധാനമന്ത്രി ചർച്ച ചെയ്യണമെന്ന് സുപ്രീംകോടതിക്ക് പറയാനാവില്ല. കേസിൽ പ്രധാനമന്ത്രി കക്ഷിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമം അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാനാവില്ല. സമിതിയെ നിയോഗിക്കുന്നതിൽ നിന്ന് കോടതിയെ തടയാനാവില്ല. സമിതിക്ക് മുൻപിൽ കർഷകർക്ക് അവരുടെ വാദങ്ങൾ ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണ് വേണ്ടതെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.
കർഷക സമരവും കാർഷിക നിയമവും കൈകകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ രീതിയെ സുപ്രീംകോടതി ഇന്നലെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധ സമിതി ഇരുപക്ഷത്തെയും കേട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ നിയമം നടപ്പാക്കരുത്. രക്തംചിന്താതെ, ആർക്കും മുറിവേൽക്കാതെ സമരം തീർക്കുന്നതിനാണ് നിർദേശം മുന്നോട്ടുവെക്കുന്നതെന്നും ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നും ബെഞ്ച് കുട്ടിച്ചേർത്തിരുന്നു. കേന്ദ്ര സർക്കാറിന്റെ തടസ്സവാദങ്ങളും ഉപാധികളുമെല്ലാം തള്ളിയാണ് കോടതി നേരിട്ട് ഇറങ്ങുകയാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
കർഷക സമരം സർക്കാർ കൈകാര്യം ചെയ്തത് അങ്ങേയറ്റം നിരാശപ്പെടുത്തി. ആളുകൾ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നു. നിയമം പിൻവലിക്കലല്ല, രമ്യമായ പരിഹാരമാണ് ഉദ്ദേശിക്കുന്നത്. സമരം തീർക്കാൻ കേന്ദ്രം ഉത്തരവാദിത്തം കാട്ടണമായിരുന്നു. ഇനി സുപ്രീംകോടതി അതിെൻറ ജോലി ചെയ്യുമെന്നും ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
നിയമത്തിന്റെ ഒാരോ വ്യവസ്ഥകൾ വെച്ച് ചർച്ച ചെയ്യാമെന്ന് സർക്കാറും നിയമം പൂർണമായും പിൻവലിക്കണമെന്ന് കർഷകരും പറഞ്ഞതു കൊണ്ടാണ് ചർച്ച പരാജയപ്പെട്ടത്. അതിനാൽ, വിദഗ്ധ സമിതി ഇരുവിഭാഗവുമായി സംഭാഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുംവരെ നിയമം നടപ്പാക്കുന്നത് മരവിപ്പിക്കണം. സർക്കാർ നിയമം നടപ്പാക്കുന്നത് മരവിപ്പിച്ചതിനു ശേഷം സമരസ്ഥലം മാറ്റാൻ കഴിയുമോ എന്നാണ് കർഷകേരാട് കോടതിക്ക് ചോദിക്കാനുള്ളത്. സമാധാനഭംഗം ഉണ്ടാകുെമന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. തെറ്റായി വല്ലതും സംഭവിച്ചാൽ നമ്മിലോരോരുത്തരും ഉത്തരവാദിയാകുമെന്നും ബെഞ്ച് ഒാർമിപ്പിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.