കൂടുതൽ വീറോടെ കർഷകർ; ഇന്ന് ഉപവാസം, ജില്ല ആസ്ഥാനങ്ങളിൽ ധർണ
text_fieldsന്യൂഡൽഹി: 18 ദിവസമായി തുടരുന്ന കർഷക സമരം ഡിസംബർ 14 മുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഇന്ന് കർഷക നേതാക്കളുടെ ഉപവാസ സമരം. ഡൽഹിയുടെ അതിർത്തിയിൽ രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ ഉപവാസമിരിക്കുമെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കർഷക നേതാവ് ഗുർനാം സിങ് ചഡൂണി പറഞ്ഞു. എല്ലാ ജില്ല ആസ്ഥാനങ്ങളിലും തിങ്കളാഴ്ച ധർണ നടത്തും.
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച ഉപവാസം അനുഷ്ഠിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എല്ലാ ആംആദ്മി പാർട്ടി പ്രവർത്തകരും ഡൽഹി നിവാസികളും തിങ്കളാഴ്ച ഉപവാസം അനുഷ്ഠിക്കണമെന്ന് കെജ്രിവാൾ ആഹ്വാനം ചെയ്തു.
ഡൽഹിയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ ഷാജഹാൻപൂരിൽനിന്ന് ഞായറാഴ്ച രാവിലെ ഡൽഹി മാർച്ച് തുടങ്ങി. പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള കർഷകർ ദേശീയപാത ഒമ്പതിൽ ഹാൻസിക്കടുത്ത് പിപ്ലി പാലത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റി. ഞായറാഴ്ച മൂന്ന് മണിക്കൂർ നേരം അടച്ചിടേണ്ടി വന്ന ജയ്പുർ ഹൈവേ പിന്നീട് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ഹരിയാനയിലെ റെവാരിയിലെത്തിയ ആയിരക്കണക്കിന് കർഷകരെ പൊലീസ് തടഞ്ഞു. ജയ്പുർ ദേശീയപാത തടയാനിറങ്ങുന്നവരെ പ്രതിരോധിക്കാൻ ഹരിയാന പൊലീസ് ഗുരുഗ്രാമിൽ സന്നാഹങ്ങളൊരുക്കിയിരുന്നു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് എം.പിമാർ ജന്തർ മന്തറിൽ ധർണ നടത്തി. ഐക്യദാർഢ്യവുമായി ശശി തരൂരും ജന്തർ മന്തറിലെത്തി.
സമരക്കാരുമായി അടുത്ത വട്ട ചർച്ച ഉടൻ നടക്കുമെന്ന് കേന്ദ്രമന്ത്രി കൈലാശ് ചൗധരി പറഞ്ഞു.
സമരത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ നോക്കുന്ന 'തുക്ഡെ തുക്ഡെ ഗ്യാംഗി'നെതിെര കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നിയമത്തെ പിന്തുണച്ച് ബിഹാർ ബി.ജെ.പി നടത്തുന്ന 'കിസാൻ ചൗപാൽ സമ്മേളൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഹാറിൽനിന്നുള്ള ബി.ജെ.പി നേതാവുകൂടിയായ നിയമമന്ത്രി. ഞായറാഴ്ച രാവിലെ പഞ്ചാബിലെ ബി.ജെ.പി നേതാക്കൾക്കൊപ്പം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും സഹമന്ത്രി സോം പ്രകാശും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ഉത്തരാഖണ്ഡിൽനിന്നും ഡൽഹിയിലെത്തിയ ബി.ജെ.പിയെ പിന്തുണക്കുന്ന കർഷകർ വിവാദ നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇടതുപക്ഷവും മാവോവാദികളും സമരത്തിൽ നുഴഞ്ഞുകയറിയെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചതിന് പിന്നാലെ അത്തരക്കാരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.