പഞ്ചാബിൽ കർഷകരുടെ റെയിൽ - റോഡ് ഉപരോധം
text_fieldsചണ്ഡിഗഢ്: വെള്ളപ്പൊക്കം മൂലമുണ്ടായ വിളനാശത്തിന് നഷ്ടപരിഹാരം നൽകുക, മിനിമം താങ്ങുവിലയിൽ ഉറപ്പുനൽകുക, കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമായി പഞ്ചാബിലെ കർഷകർ റെയിൽ, റോഡ് ഉപരോധ സമരം നടത്തി. വിവിധയിടങ്ങളിലെ റെയിൽവേ ട്രാക്കുകളിലെ കുത്തിയിരിപ്പ് സമരത്തിനൊപ്പം ചണ്ഡിഗഢ്-അംബാല-ഡൽഹി ദേശീയപാതയും ഉപരോധിച്ചു. മൂന്നുദിവസത്തെ സമരമാണ് നടക്കുന്നത്.
ഉപരോധത്തെത്തുടർന്ന് ചില ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. മോഗ, ഹോഷിയാർപുർ, ഗുരുദാസ്പുർ, ജലന്ധർ, തരൺ തരൺ, സംഗ്രൂർ, പട്യാല, ഫിറോസ്പുർ, ബട്ടിൻഡ, അമൃത്സർ തുടങ്ങി 17 സ്ഥലങ്ങളിലാണ് പ്രക്ഷോഭം. ട്രാക്ടറുകൾ ദേശീയപാതയോരത്ത് നിർത്തിയിട്ടാണ് റോഡുഗതാഗതം തടഞ്ഞത്. തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. ശനിയാഴ്ച വരെ പ്രക്ഷോഭം തുടരുമെന്ന് ‘ആസാദ് കിസാൻ സമിതി’ സംസ്ഥാന അധ്യക്ഷൻ ഹർപാൽ സിങ് സംഘ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭം പഞ്ചാബിലും ഹരിയാനയിലും നിരവധി ട്രെയിൻ യാത്രക്കാരെ ബാധിച്ചു. ഹരിയാനയിലെ അംബാല കന്റോൺമെന്റ് സ്റ്റേഷനിൽ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് കുടുങ്ങിയത്. അംബാല, ഫിറോസ്പുർ റെയിൽവേ ഡിവിഷനുകളെ പ്രക്ഷോഭം നേരിട്ട് ബാധിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി, ഭാരതി കിസാൻ യൂനിയൻ (ക്രാന്തികാരി), ഭാരതി കിസാൻ യൂനിയൻ (ഏക്ത ആസാദ്), ആസാദ് കിസാൻ കമ്മിറ്റി, ഭാരതി കിസാൻ യൂനിയൻ (ബെഹ്റാംകെ); ഭാരതി കിസാൻ യൂനിയൻ (ഷഹീദ് ഭഗത് സിങ്), ഭാരതി കിസാൻ യൂനിയൻ (ചോട്ടുറാം) തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 50,000 കോടിയുടെ പ്രളയ ദുരിതാശ്വാസ പാക്കേജും മിനിമം താങ്ങുവിലയും നൽകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച ഓരോ കർഷകന്റെയും കുടുംബത്തിന് ആശ്വാസധനമായി 10 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.