‘ഇവരെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്, ഇവരാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്’; കർഷകർക്ക് പിന്തുണയുമായി വിനേഷ് ഫോഗട്ട്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകർ ഈ രാജ്യത്തെ പൗരന്മാരാണെന്നും അവരാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും ദേശീയ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ നടക്കുന്ന കർഷക സമരത്തിന്റെ 200ാം ദിനത്തിൽ പങ്കാളിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇന്ന് ശ്രദ്ധ എന്നിലല്ല, കർഷകരിൽ കേന്ദ്രീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. കർഷകർ ദുരിതത്തിലാണ്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാവണം സർക്കാരിന്റെ പ്രഥമ പരിഗണന. അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ജനങ്ങൾ ഇങ്ങനെ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കില്ല. ഞാൻ എന്റെ കുടുംബത്തിലേക്കാണ് വന്നിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞാൽ അവരുടെ സമരം പാഴാകും. ഇന്ന് ശ്രദ്ധ എന്നിലല്ല, കർഷകരിൽ കേന്ദ്രീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഞാനൊരു കായികതാരമാണ്, ഞാൻ മുഴുവൻ രാജ്യത്തിന്റേതുമാണ്. എൻ്റെ രാജ്യം കഷ്ടപ്പെടുന്നു, കർഷകർ ദുരിതത്തിലാണ് എന്നതാണ് എനിക്കറിയാവുന്നത്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാവണം സർക്കാരിന്റെ പ്രഥമ പരിഗണന.
അവർ ഇവിടെ സമരത്തിനിരുന്നിട്ട് 200 ദിവസമായി. ഇത് കാണുമ്പോൾ വേദന തോന്നുന്നു. ഇവരെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. അവരില്ലാതെ ഒന്നും സാധ്യമല്ല, അവർ കായിക താരങ്ങൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ, ഞങ്ങൾക്ക് മത്സരിക്കാൻ കഴിയില്ല. അവരെ കേൾക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. കഴിഞ്ഞ തവണ അവർ തെറ്റ് സമ്മതിച്ചിരുന്നു; അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ജനങ്ങൾ ഇങ്ങനെ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ല’ -എന്നിങ്ങനെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിനേഷ് സമരത്തിനെത്തിയത്. എന്നാൽ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് അവർ കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറി. താൻ കർഷകരുടെ സമരസ്ഥലത്താണുള്ളതെന്നും ഇവിടെ രാഷ്ട്രീയം പറയാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറഞ്ഞു. ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും വിനേഷ് മറുപടി പറയാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.