തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കർഷകർ ആരംഭിച്ച ദില്ലി ചലോ മാർച്ചിനുനേരെയുണ്ടായ ഹരിയാന പൊലീസ് നടപടിയിൽ തലക്ക് പരിക്കേറ്റ കർഷകൻ മരിച്ചു. കണ്ണീർവാതക ഷെല്ല് കൊണ്ട് തലക്ക് പരിക്കേറ്റാണ് കനൗരിയിൽ സമരം ചെയ്യുകയായിരുന്ന പഞ്ചാബിൽനിന്നുള്ള 24 വയസ്സുകാരൻ ബുധനാഴ്ച ആശുപത്രിയിൽ മരിച്ചത്. ഇതേത്തുടർന്ന് ബുധനാഴ്ച പുനരാരംഭിച്ച സമരം വൈകീട്ടോടെ രണ്ടു ദിവസത്തേക്ക് വീണ്ടും നിർത്തിവെച്ചു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാൽ, കണ്ണീർവാതക പ്രയോഗത്തിൽ ആരും മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് കിംവദന്തിയാണെന്നും ഹരിയാന പൊലീസ് എക്സിൽ കുറിച്ചു. ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ 12 പൊലീസുകാർക്ക് സാരമായി പരിക്കേറ്റതായി ജിന്ദ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഹൃദയാഘാതം മൂലം സമരത്തിലുള്ള രണ്ട് കർഷകർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിക്ക് സമരം പുനരാരംഭിച്ചതിനു പിന്നാലെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലും കനൗരിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. സമരക്കാർ ഡൽഹിയിലേക്ക് പോകാൻ ശ്രമിച്ചതോടെ ഹരിയാന പൊലീസ് കണ്ണീര്‍വാതക ഷെല്ലും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. കാൽ ലക്ഷത്തിലധികം കര്‍ഷകരാണ് 1,200 ട്രാക്ടര്‍ ട്രോളികളും മറ്റു വാഹനങ്ങളുമായി അതിർത്തിയിലുള്ളത്. സമരം പുനരാരംഭിച്ചതിനു പിന്നാലെ കനൗരി അതിർത്തിയിൽ തമ്പടിച്ച കർഷകർക്കുനേരെ പൊലീസ് വലിയതോതിലാണ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നത്. ഇവിടെ 15,000ത്തോളം കർഷകരാണുള്ളത്. അതിര്‍ത്തിയില്‍ ഹരിയാന പൊലീസ് നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനമാണെന്നു കാണിച്ച് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതി.
ഞായറാഴ്ച നടന്ന നാലാംവട്ട ചർച്ചയിൽ മൂന്ന് വിളകൾ സർക്കാർ ഏജൻസികൾ അഞ്ചു വർഷത്തേക്ക് ഏറ്റെടുക്കാമെന്ന നിർദേശം മന്ത്രിമാർ മുന്നോട്ടുവെച്ചിരുന്നു. ഇതിൽ പഠിച്ചശേഷം തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കി കർഷകർ രണ്ടുദിവസം സമരം നിർത്തിവെക്കുകയുണ്ടായി. എന്നാൽ, സർക്കാർ നിർദേശം ഏതാനും കർഷകർക്കുമാത്രമേ ഉപകാരപ്പെടൂ എന്നും എല്ലാ വിളകൾക്കും താങ്ങുവില വേണമെന്നും ആവശ്യപ്പെട്ട് സമരം ബുധനാഴ്ച പുനരാരംഭിക്കുകയായിരുന്നു.
അഞ്ചാംവട്ട ചർച്ചക്ക് തയാറെന്ന് കേന്ദ്രം
ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ ഇനിയും ചർച്ചക്കു തയാറാണെന്ന് കേന്ദ്ര സർക്കാർ. എല്ലാ പ്രശ്നങ്ങൾക്കും നിരന്തരമായ ചർച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്ന് കൃഷിമന്ത്രി അർജുൻ മുണ്ടെ പറഞ്ഞു. ചർച്ചകളുമായി മുന്നോട്ടുപോകാനും തങ്ങളുടെ നിലപാട് അവരെ അറിയിക്കാനുമാണ് കർഷകരെ ക്ഷണിച്ചത്. ഇതുവരെ കർഷകരുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല. വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കണോയെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് കർഷകനേതാവ് സർവാൻ സിങ് പാന്ധേർ പ്രതികരിച്ചു. മിനിമം താങ്ങുവിലയിൽ സർക്കാർ നിയമം പാസാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂവെന്നും അദ്ദേഹം മന്ത്രിക്ക് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.