സ്ഥാനമേറ്റതിന് പിന്നാലെ കർഷകരെ പിണക്കി സിധു; കരിങ്കൊടി കാട്ടി പ്രതിഷേധം
text_fieldsഛണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ കർഷകരുടെ പ്രതിഷേധം ഏറ്റുവാങ്ങി നവ്ജ്യോത് സിങ് സിധു. കർഷകരെ കുറിച്ചുള്ള സിധുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതേത്തുടർന്ന്, ഗുരുദ്വാര സന്ദർശനത്തിനെത്തിയ സിധുവിന് നേരെ കർഷകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
'ദാഹിക്കുന്നവർ കിണറിനരികിലേക്ക് നടക്കും' എന്ന പ്രസ്താവനയാണ് വിവാദമായത്. കർഷകർ തന്നെ കാണാൻ വരണമെന്നും താൻ അവരെ പോയി കാണില്ലെന്നുമാണ് സിധു ഉദ്ദേശിച്ചതെന്ന് എതിരാളികൾ ആരോപിച്ചിരുന്നു.
എന്നാൽ, തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് സിധു പ്രതികരിച്ചത്. തനിക്ക് കർഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ ഹൃദയംകൊണ്ടും ആത്മാവ് കൊണ്ടും പിന്തുണക്കുന്നുവെന്നും സിധു പറഞ്ഞു. കർഷകരെ കാണാനായി ക്ഷണിക്കുന്നുവെന്ന് സിധു പറഞ്ഞെങ്കിലും കർഷകർ മറുപടി നൽകിയിട്ടില്ല.
അതേസമയം, സിധുവിന്‍റെ പ്രസ്താവനക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തുവന്നു. താൻ കർഷകർക്കൊപ്പം നിൽക്കുന്നുവെന്ന് പറയുമ്പോൾ തന്നെ കർഷകർ തന്നെ കാണാനായി വരണമെന്ന നിബന്ധനയാണ് സിധു മുന്നോട്ടു വെക്കുന്നതെന്ന് ആം ആദ്മി കർഷക വിഭാഗം അധ്യക്ഷനും എം.എൽ.എയുമായ കുൽത്താർ സിങ് പറഞ്ഞു. കർഷകരോട് സിധു ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി നാളത്തെ തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പഞ്ചാബ് കോൺഗ്രസിെൻറ അധ്യക്ഷനായി സിധുവിനെ നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ എതിർപ്പ് മറികടന്നായിരുന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ നാല് വർക്കിങ് പ്രസിഡൻറുമാരെയും നിശ്ചയിച്ചിട്ടുണ്ട്.
പാരമ്പര്യമില്ലാത്ത കോൺഗ്രസുകാരനാണ് എന്നതായിരുന്നു സിധുവിനെതിരേ എതിരാളികൾ ഉയർത്തിയ വലിയ വിമർശനം. നേരത്തേ ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന സിധു അവിടെ നിന്നാണ് കോൺഗ്രസിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.