പഞ്ചാബിൽ കർഷക ബന്ദ് തുടരുന്നു; 163 ട്രെയിനുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിൽ സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരമായി തുടരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴുമണി മുതൽ വൈകിട്ട് നാലു വരെ യാണ് ബന്ദിന് കർഷക നേതാക്കൾ ആഹ്വാനം ചെയ്തത്. ബന്ദിന്റെ ഭാഗമായി പഞ്ചാബിലുടനീളം കർഷകർ തിങ്കളാഴ്ച റോഡ്, റെയിൽ ഉപരോധം നടത്തി. ഇത് യാത്ര-ചരക്ക് ഗതാഗതത്തെയും സ്തംഭിപ്പിച്ചു. ‘റെയിൽ റോക്കോ ആന്ദോളൻ’ സമരം കാരണം 163 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
മൊഹാലിയിലെ ഐ.ഐ.എസ്.ഇ.ആർ ചൗക്കിലെ എയർപോർട്ട് റോഡ്, കുരാളി റോഡ് ടോൾ പ്ലാസ, ലാൽരുവിനടുത്തുള്ള അംബാല-ഡൽഹി ഹൈവേ ടോൾ പ്ലാസ, ഖരാർ-മൊറിൻഡ ഹൈവേ എന്നിവ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ കർഷകർ തടഞ്ഞു. പഞ്ചാബിലുടനീളമുള്ള പ്രധാന ഹൈവേകളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. സംസ്ഥാനത്തുടനീളമുള്ള 200ലധികം സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്.
വിമാനങ്ങൾ, മെഡിക്കൽ ആവശ്യങ്ങൾ, വിവാഹം എന്നിവയുൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ബന്ദിൽ നിന്ന് ഒഴിവാക്കിയതായി കർഷക നേതാവ് സർവാൻ സിങ് പന്ദർ ഉറപ്പുനൽകി. ക്രമസമാധാനപാലനത്തിനായി പഞ്ചാബിലെ മൊഹാലി ജില്ലയിലുടനീളം 600ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അതേസമയം, കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം 35ാം ദിവസത്തിലേക്ക് കടന്നു. ദല്ലേവാൾ വൈദ്യസഹായം നിരസിക്കുകയും കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്നും പ്രതിജ്ഞയെടുത്തു. എല്ലാ വിളകൾക്കും മിനിമം താങ്ങുവില നിയമമാക്കണമെന്നതടക്കം 13 കാർഷിക ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകനേതാവിന്റെ നിരാഹാര സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.