തോൽക്കാതെ, പിന്മാറാതെ കർഷകർ; ഡൽഹിയിലെ കർഷകസമരം നൂറാം നാളിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ചും സ്തംഭിപ്പിച്ചും കർഷകർ തുടരുന്ന പ്രക്ഷോഭം നൂറാം നാളിലേക്ക്. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ മരണപ്പെട്ടത്. മോദിസർക്കാർ പാസാക്കിയ മൂന്ന് പുതിയ കർഷകനിയമങ്ങൾക്കെതിരെ 2020 നവംബര്‍ 27 നാണ് കർഷകർ ഡൽഹിയിൽ സമരം ആരംഭിച്ചത്. അടിച്ചമർത്താൻ ഭരണകൂടം അതിന്‍റെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ചെങ്കിലും കർഷകർ പിന്മാറിയില്ല. ഡിസംബർ 20, ഡൽഹിയുടെ മണ്ണിലും വിണ്ണിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് (3.4 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയപ്പോഴും, കർഷകർ പിന്തിരിഞ്ഞില്ല.
സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെ കൊടുംതണുപ്പിനെ വകവെക്കാതെ സമരഭൂമിയായ രാജ്യതലസ്ഥാനത്തേക്ക് ഒഴുകുകയായിരുന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കുട്ടികളെയുമെടുത്ത് ഡൽഹിയിലേക്ക് നടന്നുവന്ന സ്ത്രീകൾ സമരത്തിന് കരുത്തു പകർന്നു. കൊടും തണുപ്പിൽ അവർ ദേശീയ പാതയോരത്തെ ടെന്‍റുകളിലും ട്രാക്റ്ററുകളിലുമിരുന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. തെരുവിൽ പൊലീസിനും സേനക്കുമെതിരെ പോരിനിറങ്ങിയപ്പോൾ ഭരണകൂടം പലപ്പോഴും പതറി. യു.പിയിലും ഹരിയാനയിലും സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തുകളിൽ പതിനായിരങ്ങൾ അണിനിരന്നതോടെ സംസ്ഥാന സർക്കാറുകൾക്കും കർഷകസമരം കടുത്തവെല്ലുവിളി ഉയർത്തി.
സമരം ആഗോള തലത്തിൽ ചർച്ചചെയ്യപ്പെട്ടതും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐക്യദാർഢ്യം ഉയർന്നതും കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.അണുമണിത്തൂക്കം പിൻമാറില്ലെന്ന കർഷകരുടെ ഉറച്ച നിലപാടിൽ ആ ചർച്ചകളൊക്കെയും പരാജയപ്പെടുകയായിരുന്നു. സർക്കാരുമായി ഇപ്പോഴും ചർച്ചയ്‌ക്ക് ഒരുക്കമാണെന്ന നിലപാടിലാണ് കർഷകസംഘടനകൾ. എന്നാൽ, പുതിയ നിർദേശം മുന്നോട്ടുവയ്‌ക്കണം. മൂന്ന് നിയമവും പിൻവലിക്കുംവരെ കർഷകസമരം തുടരാനാണ് തീരുമാനം.
നൂറ്ദിവസം പിന്നിടുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കർഷസമരം എൻ.ഡി.എക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചരണായുധമാക്കാനും ആലോചനയുണ്ട്.
സോഷ്യൽ മീഡിയയിലും സർക്കാർ അനുകൂല മാധ്യമങ്ങളെയും ഉപയോഗിച്ച് കർഷകസമരത്തിനെതിരെ വ്യജവാർത്ത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും പൊളിയുന്ന കാഴ്ചയായിരുന്നു ഈ സമരത്തിന്‍റെ മറ്റൊരു നേട്ടം. വ്യാജവാർത്തകൾ പടച്ചുവിട്ട മാധ്യമങ്ങൾക്ക് പലപ്പോഴും വാർത്തകൾ പിൻവലിക്കേണ്ടി വന്നു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളും ഗ്രേറ്റ തുംബർഗിന്‍റെ ടൂൾകിറ്റ് വിവാദമൊന്നും നിലംതൊടാതെ പോയത് കർഷകസമരത്തിന്‍റെ കരുത്ത് കൊണ്ട് തന്നെയാണ്. 100 ദിവസമായ നാളെ മനേസര്‍ എക്സ്പ്രസ്പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടത്താനുമാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.