കർഷകസമരം: ചർച്ചക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം
text_fieldsകർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചപ്പോൾ
ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ തുടരുന്ന കർഷകസമരത്തിൽ ചർച്ചക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം. ഇതിനെത്തുടർന്ന്, 54 ദിവസമായി നിരാഹാരസമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചു. എന്നാൽ, പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ നിരാഹാരസമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര കൃഷി മന്ത്രാലയ ജോയൻറ് സെക്രട്ടറി പ്രിയരഞ്ജന്റെ നേതൃത്വത്തിലെ സംഘം ശനിയാഴ്ച ഖനൗരിയിലെത്തി ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) എന്നിവയുടെ പ്രതിനിധികളുമായും സംഘം ചർച്ച നടത്തി. വിളകളുടെ താങ്ങുവില നിയമമാക്കുന്നതടക്കം വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് ഉന്നത പ്രതിനിധി സംഘം കർഷക നേതാക്കളെ അറിയിച്ചു. ചണ്ഡിഗഢിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഫെബ്രുവരി 14ന് വൈകീട്ട് അഞ്ചിന് കേന്ദ്ര സർക്കാർ പ്രതിനിധികൾ ദല്ലേവാളുമായും അദ്ദേഹത്തോടൊപ്പമുള്ള കർഷക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇതിന്റെ തുടർച്ചയെന്നോണം ദല്ലേവാളിനേയും എസ്.കെ.എം (എൻ.പി), കെ.എം.എം എന്നിവയുടെ കോഓഡിനേറ്ററായ സർവാൻ സിങ് പന്ദേറിനെയും കേന്ദ്ര മന്ത്രിമാരുമായും പഞ്ചാബിലെ കാബിനറ്റ് മന്ത്രിമാരുമായും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതുവരെ ഡൽഹിയിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഫെബ്രുവരി 12,13 ദിവസങ്ങളിൽ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. അതുകൊണ്ടാണ് കൂടിക്കാഴ്ചകൾ നേരത്തെയാക്കാൻ സാധിക്കാത്തതെന്നും ജോയൻറ് സെക്രട്ടറി പ്രിയരഞ്ജൻ വ്യക്തമാക്കി.
തനിക്ക് പിന്തുണ പ്രഖ്യാപിച്ച് അനിശ്ചിതകാല ഉപവാസസമരം നടത്തുന്ന 121 കര്ഷകരുടെ സമ്മതം ചികിത്സസഹായം സ്വീകരിക്കുന്നതിനുമുമ്പ് ദല്ലേവാൾ തേടിയിരുന്നു. ഇവർ ആവശ്യപ്പെട്ടതോടെയാണ് ദല്ലേവാൾ ചികിത്സ സ്വീകരിക്കാൻ സമ്മതിച്ചത്. നിരാഹാര സമരം 54 ദിവസം പിന്നിട്ടു.
ഇതിനിടെ നിരവധി തവണ ആരോഗ്യസ്ഥിതി വഷളായെങ്കിലും കേന്ദ്രം നടപടി സ്വീകരിക്കാതെ വൈദ്യസഹായം സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയും നേരത്തേ നിർദേശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.