വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ കർഷകർ
text_fieldsന്യൂഡൽഹി: കർഷക സമരത്തിനെതിരെയുള്ള വ്യാജ വാർത്തകൾ തടയാൻ സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ കർഷകർ. ഒരു വിഭാഗം മാധ്യമങ്ങൾ തങ്ങൾക്കെതിെര നിരന്തരം വ്യാജ വാർത്തകൾ നൽകുകയാണെന്നും ഇത് പ്രതിരോധിക്കാൻ സമൂഹ മാധ്യമങ്ങളിൽ സജീവമാകുമെന്നും കർഷക നേതാവ് ജഗ്താർ സിങ് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത നിരവധി കർഷകരുണ്ട്. അവരുടെ മക്കേളാട് ഇതു സംബന്ധിച്ച പരിശീലനം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ കർഷകരിലും എത്തിക്കും. തങ്ങളുടെ സമരം നിയമങ്ങൾക്കെതിരെ മാത്രമല്ല, പ്രക്ഷോഭത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം വിജയിക്കാതെ കർഷകർ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനം സിങ് ചടുനി പറഞ്ഞു.
സർക്കാർ ജനങ്ങൾക്കു വേണ്ടിയല്ല കോർപറേറ്റുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച് രാജ്യത്തെ ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിന് പിന്നാലെ തുടങ്ങിയ അതിർത്തി ഉപരോധ സമരം 84 ദിവസം പിന്നിട്ടു.
അതേസമയം, ഗാസിപ്പുർ സമരവേദിയിൽ കർഷകർ സി.സി.ടി.വികൾ സ്ഥാപിച്ചു. സമരത്തിനായി എത്തുന്ന കർഷകർക്കു നേരെ ഗുണ്ടാ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സി.സി.ടി.വി സ്ഥാപിച്ചതെന്ന് കർഷകർ പറഞ്ഞു. കൂടുതൽ താൽക്കാലിക ശുചിമുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമരവേദിക്കടുത്ത് തരിശായി കടക്കുന്ന പ്രദേശം വൃത്തിയാക്കി കൃഷി നടത്താനും പദ്ധതിയുണ്ടെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.