ജൂൺ 26ന് രാജ്ഭവൻ ഖരാവോ; പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷകർ ജൂൺ 26ന് രാജ്ഭവൻ ഖരാവോ ചെയ്യും. രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം ആറുമാസം പിന്നിടുേമ്പാഴാണ് പുതിയ സമര മാർഗങ്ങളുമായി കർഷകരുടെ നീക്കം.
സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകളുടെ മുമ്പിലായിരിക്കും പ്രതിഷേധം. കർഷകർ തങ്ങളുടെ കൊടികളുമായി രാജ്ഭവനുകൾ ഖരാവോ ചെയ്യും.
ഓരോ സംസ്ഥാനങ്ങളുടെയും ഗവർണർമാർക്കും രാഷ്ട്രപതിക്കും നിവേദനം അയക്കുമെന്നും കർഷക സംഘടന വ്യക്തമാക്കി.
'രാജ്യത്ത് 1975 ജൂൺ 26നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജൂൺ 26ന് കർഷകപ്രക്ഷോഭം ആരംഭിച്ച് ഏഴുമാസമാകും. കാർഷിക മേഖലക്ക് പുറമെ ജനങ്ങളുടെ അവകാശങ്ങൾക്ക് മേലും ആക്രമണം നടക്കുകയാണ്. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്' -സംയുക്ത കിസാൻ മോർച്ച നേതാവ് ഇന്ദ്രജിത് സിങ് പറഞ്ഞു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാന അതിർത്തികളിൽ ആറുമാസത്തിലധികമായി പ്രക്ഷോഭം തുടരുന്നത്. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ലഭ്യമാക്കണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.