കൂടുതൽ കർഷകർ ശംഭു അതിർത്തിയിലേക്ക്; സമരത്തിന് വിനേഷ് ഫോഗട്ടും എത്തിയേക്കും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തിവരുന്ന സമരം ശനിയാഴ്ച 200 ദിനം പൂർത്തിയാക്കി. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് കൂടുതൽ പേർ പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലെത്തും. ഒളിമ്പ്യൻ വിനേഷ് ഫോഗട്ടും സമരവേദിയിലേക്ക് എത്തുമെന്നാണ് സൂചന.
രാജ്യതലസ്ഥാനത്തേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് ഫെബ്രുവരി 13ന് തടഞ്ഞതു മുതൽ കർഷകർ ശംഭു അതിർത്തിയിൽ പ്രതിഷേധം തുടർന്നുവരികയാണ്. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടു വെക്കുന്നത്. വിനേഷ് ഫോഗട്ട് സമരവേദിയിൽ എത്തിയാൽ താരത്തിന് അനുമോദനം നൽകാനുള്ള സാധ്യതയുമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം അനുകൂല തീരുമാനം സ്വീകരിക്കാത്തതിൽ കർഷക സംഘടനകൾക്ക് അമർഷമുണ്ട്. ഹരിയാനയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ, തങ്ങൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ കക്ഷികളുമായി സൗഹൃദം സ്ഥാപിക്കാൻ കർഷക സംഘടനകൾ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിന്‍റെ കർഷക വിരുദ്ധ പരാമർശങ്ങളും ഇതിനിടെ വിവാദമായിരുന്നു. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ കർഷക പ്രതിഷേധം ബി.ജെ.പിക്ക് വീണ്ടും രാഷ്ട്രീയ വെല്ലുവിളിയാകുമെന്ന് പൊതു വിലയിരുത്തലുണ്ട്. ഇതിനിടെയാണ് സമരം ശക്തിപ്പെടുത്താനുള്ള നീക്കം വീണ്ടും സജീവമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.