ചെങ്കോട്ടയിൽ നിന്ന് കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു
text_fieldsന്യൂഡൽഹി: ചെങ്കോട്ടയിൽ കർഷകർ കെട്ടിയ കൊടികൾ പൊലീസ് നീക്കി. ട്രാക്ടറുകളുമായി കർഷകർ ചെങ്കോട്ടയിൽ നിന്ന് പുറത്തുകടന്നതോടെ ചെങ്കോട്ടയുടെ പ്രധാന കവാടം അടച്ചു. ഡൽഹിയിൽ നിന്ന് സമരസ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള നേതൃത്വത്തിന്‍റെ ആഹ്വാനം വന്നതോടെ ഡൽഹി ശാന്തമാകുകയാണ്. ഡൽഹിയിലെ പ്രധാന പാതകളെല്ലാം പൊലീസ് അടച്ചിട്ടുണ്ട്. 15000 കർഷകർ നരത്തിൽ ശേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷമുണ്ടായിരുന്നു. ചെങ്കോട്ടയിൽ ദേശീയ പതാകക്ക് താഴെയായി കർഷകർ തങ്ങളുടെ പതാക ഉയർത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനായത്. കേന്ദ്രസേനയും അർധസൈനികരും കർഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട സംഘർഷമായിരുന്നു ഡൽഹിയിൽ.
കർഷക സമരത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനായിരുന്നു സർക്കാർ തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഉന്നത തല യോഗത്തിന് ശേഷം 15 കമ്പനി അർധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. ഐ.ടി.ഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികളിലാണ് പൊലീസ്.
ഉത്തരഖാണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം. മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിച്ചു.
റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. ഡൽഹിയിലേക്ക് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. കർഷക സമരത്തിൽ സംഘർഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയിൽ കേന്ദ്രസേനയിറങ്ങി. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് തല്ലിചതച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാരിക്കേഡ് മറിക്കടക്കാൻ കർഷകർ ശ്രമിച്ചതോടെ ദിൽഷാദ് ഗാർഡനിലും സംഘർഷം അരങ്ങേറി. കർഷരുടെ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ട്രാക്ടർ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സെൻട്രൽ ഡൽഹിയിലെ െഎ.ടി.ഒ മേഖലയിൽ സംഘർഷം തുടരുകയാണ്. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.
അതേസമയം രാവിലെ ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്. നാലുലക്ഷത്തോളം കർഷകർ ട്രാക്ടർ റാലിയിൽ പെങ്കടുക്കുന്നുണ്ട്.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രാക്ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു.
Live Updates
- 26 Jan 2021 4:02 PM IST
അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി, കാർഷിക വിരുദ്ധ നിയമം പിൻവലിക്കണം
കർഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുക. രാജ്യത്തിന്റെ നന്മക്കായി കാർഷിക വിരുദ്ധ നിയമം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
- 26 Jan 2021 3:49 PM IST
സമരക്കാരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി, രാത്രി വൈകിയും സമരം നീളുമെന്ന് ഉറപ്പ്
സംഘർഷം നിയന്ത്രണാതീതമായതോടെ സമരക്കാരെ നേരിടാൻ ഡൽഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയും ഇറങ്ങി. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധമാർച്ചിന് ഡൽഹി പൊലീസ് സമയം അനുവദിച്ചതെങ്കിലും രാത്രിവൈകിയും സംഘർഷം തുടരുമെന്ന് ഉറപ്പാണ്. തലസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ തമ്പടിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ഡൽഹി ലക്ഷ്യമാക്കി ഇപ്പോഴും നീങ്ങുകയാണ്.
- 26 Jan 2021 3:30 PM IST
ഡൽഹിയിൽ പലയിടത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു
കർഷക സമരം മൂലം സംഘർഷ ഭൂമിയായി മാറിയ ഡൽഹിയിൽ പലയിടത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു. സിംഘു, തിക്രി, ഗാസിപുർ മേഖലകളിലെ ഇന്റ്ർനെറ്റാണ് വിച്ഛേദിച്ചത്. 2000 പൊലീസ് ഉദ്യോഗസ്ഥരെയും അർധസൈനിക ഉദ്യോഗസ്ഥരെയും ചെങ്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്. സമരക്കാർ പിരിഞ്ഞുപോകാൻ ഒരുങ്ങുന്നു. പൊലീസ് നടപടിയൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
- 26 Jan 2021 3:05 PM IST
പുറത്തുനിന്നുള്ളവർ ട്രാക്ടര്‍ റാലിയില്‍ കയറിക്കൂടിയുണ്ടെന്ന് കര്‍ഷക സംഘടനകള്‍
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിൽക്കൊപ്പം കൂടിയ ചില പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നേരത്തേ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ എത്തിയവർ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സമരസമിതി അറിയിച്ചു.
- 26 Jan 2021 3:01 PM IST
സമരക്കാരെ നീക്കി പൊലീസ്
ചെങ്കോട്ടയിൽ നിന്ന് സമരക്കാരെ നീക്കി പൊലീസ് . നീക്കുന്നതിനിടെ സംഘർഷം.
- 26 Jan 2021 2:57 PM IST
വെടിവച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ്
കർഷക സമരത്തിനിടെ വെടിവെപ്പുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്.
- 26 Jan 2021 2:38 PM IST
മൃതദേഹവുമായി പ്രതിഷേധം
സംഘർഷത്തിനിടെ മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകരുടെ പ്രതിഷേധം. ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘു അതിർത്തിയിലാണ് സംഘർഷത്തിനിടെ കർഷകൻ മരിച്ചത്. മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
- 26 Jan 2021 2:22 PM IST
ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ
ട്രാക്ടർ മാർച്ചിനിടെ ഒരു കർഷകൻ വെടിയേറ്റ് മരിച്ചെന്ന് കർഷകർ. കർഷകരും പൊലീസും തമ്മിൽ വ്യാപക സംഘർഷം അരങ്ങേറുന്നതിനിടെയാണ് സംഭവം.
- 26 Jan 2021 2:18 PM IST
ഒരു കർഷകൻ മരിച്ചു
ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിനിടെ ട്രക്ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചതായി പൊലീസ്. ഡി.ഡി.യു മാർഗിലാണ് സംഭവം. സംഭവ സ്ഥലത്തുവെച്ചുതന്നെ കർഷകൻ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വെടിവെപ്പിനിടെ കർഷകൻ കൊല്ലപ്പെടുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു.
- 26 Jan 2021 2:07 PM IST
ചെങ്കോട്ട കീഴടക്കി കർഷകർ
ചെങ്കോട്ടയിൽ കൊടി ഉയർത്താൻ കർഷകരുടെ ശ്രമം. ചെങ്കോട്ടയുടെ മുകളിൽ കയറിയാണ് നിലവിൽ ഒരു സംഘം കർഷകരുടെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.