എം.എസ്.പി ഉറപ്പാക്കുന്നതുവരെ മണ്ഡികളിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തുടരും -വരുൺ ഗാന്ധി
text_fieldsന്യൂഡൽഹി: കർഷകരെ പിന്തുണച്ചും കേന്ദ്രസർക്കാറിനെ വിമർശിച്ചും വീണ്ടും ബി.ജെ.പി എം.പി വരുൺ ഗാന്ധി. വിളകൾക്ക് അടിസ്ഥാന താങ്ങുവില ലഭ്യമാക്കുമെന്ന നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ മണ്ഡി(ചെറുചന്ത)കളിൽ കർഷകരെ ചൂഷണം തുടരുമെന്നായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം.
'അടിസ്ഥാന താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തുടരും. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം' -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് വരുൺ ഗാന്ധി. കർഷകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പ് ഒരു വിഡിയോ വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വിളകൾക്ക് ന്യായമായ വില ലഭിക്കാത്തതിനെ തുടർന്ന് ഒരു കർഷകൻ വയലിൽ വിളകൾ കത്തിക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു ട്വീറ്റ്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ നിന്നുതന്നെ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് പുറത്താക്കിയിരുന്നു. ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലയിൽ വരുൺ ഗാന്ധിയും മനേക ഗാന്ധിയും സ്വീകരിച്ച നിലപാടായിരുന്നു ബി.ജെ.പിയെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.