ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അവർക്ക് വോട്ട് ചെയ്യുന്നവർ മരണശേഷം നരകത്തിൽ പോകാൻ തയാറാവണം. ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ലെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ അതിജീവനത്തിന് ഭീഷണിയാണ്. രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കരുത്. അത് രാജ്യത്തിന്റെ അതിജീവനം ബുദ്ധിമുട്ടേറിയതാക്കി മാറ്റും. വിഭജിക്കുന്നതിന് പകരം ആളുകളെ ഒന്നിപ്പിക്കണമെന്നും ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. രജൗരി ജില്ലയിൽ ഒരു തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ജനങ്ങളുടെ ഭൂമിയും സ്വത്തുക്കളും കോൺഗ്രസ് മുസ്‍ലിംകൾക്ക് നൽകുമെന്ന മോദിയുടെ ആരോപണത്തിന് മറുപടിയായി മറ്റ് മതങ്ങളെ ബഹുമാനിക്കാനാണ് ഇസ്‍ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മുസ്‍ലിമും ആരുടേയും അവകാരം കവർന്നെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ മോദി വിവാദപരാമർശം നടത്തുകയായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കളുടെ സ്വത്തും പണവും മുസ്‍ലിംകൾക്ക് നൽകുമെന്നായിരുന്നു മോദിയുടെ വിദ്വേഷ പരാമർശം. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.