ഹിന്ദുമത വിശ്വാസി അജ്മീർ സന്ദർശിച്ചാൽ അവർ മുസ്‌ലിമായി മാറുമോ; മെഹബൂബയോട് ചോദ്യവുമായി ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ സ്കൂളുകളിൽ ഭജന ചൊല്ലാനുള്ള സർക്കാർ ഉത്തരവിനെ എതിർത്ത പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയെ രൂക്ഷമായി വിമർശിച്ച് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭജന ചൊല്ലിയാൽ എന്താണ് തെറ്റെന്നും ഫാറൂഖ് അബ്ദുല്ല ചോദിച്ചു. ഞങ്ങൾ ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ല. ഇന്ത്യ മതേതര രാജ്യമാണ്. ഞാൻ ഭജന ചൊല്ലിയാൽ അത് തെറ്റാണോ? ഒരു ഹിന്ദുമത വിശ്വാസി അജ്മീർ ദർഗ സന്ദർശിച്ചാൽ അവർ മുസ്‌ലിമായി മാറുമോയെന്നും മെഹബൂബ മുഫ്തിയെ പരിഹസിച്ച് അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ച മഹാത്മഗാന്ധിയുടെ പ്രിയപ്പെട്ട ഭജന ഗീതമായ 'രഘുപതി രാഘവ് രാജാ റാം' സ്കൂൾ വിദ്യാർഥികളെ കൊണ്ട് പാടിക്കുന്നതിന്‍റെ വിഡിയോ മെഹബൂബ മുഫ്തി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയാണെന്ന് അവർ വാദിച്ചു. "കശ്മീരിലെ മതപണ്ഡിതരെ തടവിലിടുന്നതും ജുമാ മസ്ജിദ് അടച്ചുപൂട്ടുന്നതും സ്‌കൂൾ കുട്ടികളെ ഹിന്ദു സ്തുതിഗീതങ്ങൾ ചൊല്ലാൻ പ്രേരിപ്പിക്കുന്നതും കേന്ദ്ര സർക്കാറിന്‍റെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുന്നു"- മെഹബൂബ മുഫ്തി പറഞ്ഞു.
മെഹബൂബ മുഫ്തിയുടെ ആരോപണത്തെ ബി.ജെ.പി രൂക്ഷമായി വിമർശിച്ചു. തന്‍റെ താൽപ്പര്യങ്ങൾക്കായി മുഫ്തി യുവമനസുകളിൽ വിഷം നിറക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.