'കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ താൻ ഉത്തരവാദിയെങ്കിൽ തൂക്കിലേറാൻ തയാർ'
text_fieldsശ്രീനഗർ: 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് താൻ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ രാജ്യത്തെവിടെ വെച്ചും തൂക്കിലേറാൻ തയാറാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുല്ല. സത്യസന്ധനായ ഒരു ജഡ്ജിയെയോ സമിതിയെയോ അന്വേഷണത്തിന് ചുമതലപ്പെടുത്തിയാൽ സത്യം പുറത്തുവരും. താൻ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ വിചാരണ നേരിടാൻ തയാറാണെന്നും നിപരാധികളായ ആളുകളെ കുറ്റപ്പെടുത്തരുതെന്നും ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.
താൻ കുറ്റക്കാരനാണെന്ന് കരുതുന്നില്ല. ജനങ്ങൾക്ക് കയ്പേറിയ സത്യം അറിയണമെങ്കിൽ അന്നത്തെ ഇന്റലിജൻസ് ബ്യൂറോ ചീഫുമായോ കേന്ദ്രമന്ത്രിയായിരുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടോ ചോദിക്കാമെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.
അന്വേഷണത്തിനായി ഒരു കമീഷനെ നിയോഗിക്കണം. പണ്ഡിറ്റുകളോടൊപ്പം തന്നെ കശ്മീരിലെ സിഖുകാർക്കും മുസ്ലിംകൾക്കും എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തണം. തന്‍റെ മന്ത്രിമാർ, എം.എൽ.എമാർ, ചെറുകിട തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ മാംസാവശിഷ്ടങ്ങൾ മരത്തിന്റെ മുകളിൽ നിന്നാണ് ശേഖരിച്ചത്. അത്ര ഭീകരമായ സാഹചര്യമാണ് അന്ന് നേരിട്ടതെന്നും ഫറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
ഇത് ഹിന്ദുക്കളും മുസ്ലിംകളും ഉൾപ്പടെ സംസ്ഥാനത്തിന്റെ എല്ലാ ആത്മാവിനെയും ബാധിച്ച ദുരന്തമാണ് സൃഷ്ടിച്ചത്. ആ ദുരന്തം എന്‍റെ ഹൃദയത്തിൽ ഇപ്പോഴും രക്തം പൊടിക്കുന്നു. 'ദ് കശ്മീർ ഫയൽസ്' എന്ന സിനിമ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി നിർമ്മിച്ചതാണ്. സിനിമക്ക് നികുതി ഒഴിവാക്കിയതിലൂടെ രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ വിദ്വേഷം അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ഫറൂഖ് അബ്ദുല്ല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.