രാമൻ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം; അയോധ്യയിലെ രാമക്ഷേത്ര നിർമാണം സ്വാഗതം ചെയ്ത് ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: അയോധ്യയിലെ ക്ഷേത്രനിർമാണം സ്വാഗതം ചെയ്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ക്ഷേത്രനിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. അതിനാൽ വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിനുള്ള അവസരമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. ഈയവസരത്തിൽ ക്ഷേത്രനിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. അവരുടെ ശ്രമം ഫലം കണ്ടിരിക്കുകയാണ്. രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണെന്നാണ് പറയാനുള്ളത്. ചരിത്രപുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളത് അങ്ങനെയാണ്. സാഹോദര്യത്തെയും സ്നേഹത്തെയും ഐക്യത്തെയും കുറിച്ചാണ് രാമൻ സംസാരിച്ചത്.ജനങ്ങളെ മണ്ണിൽ നിന്ന് ഉയർത്താൻ അദ്ദേഹം എപ്പോഴും ഊന്നൽ നൽകി. ഒരിക്കലും അവരുടെ മതമോ ഭാഷയോ ചോദിച്ചില്ല. അദ്ദേഹം ഒരു സാർവത്രിക സന്ദേശം നൽകി...ഇപ്പോൾ ഈ ക്ഷേത്രം തുറക്കാൻ പോകുകയാണ്, ആ സാഹോദര്യം നിലനിർത്താൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു.''-എന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പറഞ്ഞത്.
രാമക്ഷേത്രം നിർമിക്കുന്നതിൽ സന്തോഷവാനാണെന്ന് നേരത്തേയും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു. രാമൻ ബി.ജെ.പിയുടെ പ്രതിനിധിയല്ലെന്നും ലോകത്തിന്റെ പ്രതിനിധിയാണെന്നുമായിരുന്നു അന്ന് പറഞ്ഞത്. തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള നിരാശയും അദ്ദേഹം മറച്ചുവെച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.