സാമ്പത്തിക തട്ടിപ്പ്: ഫറൂഖ് അബ്ദുല്ല ഇ.ഡി മുമ്പാകെ വീണ്ടും ഹാജരായി
text_fieldsശ്രീനഗർ: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് മുമ്പാകെ വീണ്ടും ഹാജരായി. രാജ് ബാഗിലെ ഇ.ഡി ഒാഫീസിലാണ് ഫറൂഖ് അബ്ദുല്ല ഹാജരായത്.
ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഒക്ടോബർ 19ന് ഫറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയത്.
ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന ഫാറൂഖ് അബ്ദുല്ല 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് 2002 മുതൽ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാൻറായി നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപ ദുരുപയോഗം നടന്നുവെന്നാണ് കേസ്.
2015ൽ ജമ്മു കശ്മീർ ഹൈകോടതി സി.ബി.ഐക്ക് കേസ് കൈമാറുകയും 2018ല്‍ ഫറൂഖ് അബ്ദുല്ല അടക്കം നാലു പേരെ പ്രതിയാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫറൂഖ് അബ്ദുല്ലയെ കൂടാതെ മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്സന്‍ അഹമ്മദ് മിര്‍സ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസ്. ഇതിന്‍റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
അതേസമയം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ വിശാലസഖ്യം യോഗം ചേർന്നതിനു പിന്നാലെയാണ് ഫറൂഖ് അബ്ദുല്ലക്ക് ഇ.ഡി നോട്ടീസ് അയച്ചതെന്ന ആരോപണം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയ പകപോക്കലെന്നും നേതാക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.