സത്യസന്ധനാകൂ എന്ന് മോദിയോട് ഫാറൂഖ് അബ്ദുല്ല; കേന്ദ്ര സർക്കാറിനെ ഇനി ആരും വിശ്വസിക്കില്ല
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ ഇനി ആരും വിശ്വസിക്കില്ലെന്ന് എം.പിയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ജമ്മു കാശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന് ഏഴു മാസത്തോളം കരുതൽ തടവിലായിരുന്ന ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ മാർച്ചിലാണ് സ്വതന്ത്രനായത്. തടവിൽ നിന്ന് പുറത്തു വന്ന ശേഷം ആദ്യമായി എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നാഷനൽ കോൺഫറൻസ് നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചത്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് 2019 ആഗസ്റ്റ് അഞ്ചിനാണ്. മേഖലയിൽ വർധിച്ച സേനാവിന്യാസം അടക്കമുള്ള അസാധാരണ നടപടികൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. അസാധാരണ നടപടികൾ എന്തിനു വേണ്ടിയാണെന്ന് ആരായാൻ പ്രധാനമന്ത്രിയെ താൻ നേരിട്ട് സന്ദർശിച്ചിരുന്നുവെന്ന് ഫാറുഖ് അബ്ദുല്ല പറഞ്ഞു. എന്നാൽ, കൈകൊള്ളാൻ പോകുന്ന നടപടികൾ സംബന്ധിച്ച് നരേന്ദ്ര മോദി നേരിയ സൂചന പോലും നൽകിയില്ല. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാവുന്നതാണെന്ന് ഞാൻ കരുതുന്നില്ല - ഫാറൂഖ് പറഞ്ഞു.
'ഇത് ഗാന്ധിയുടെ ഇന്ത്യയല്ല. കേന്ദ്ര സർക്കാറിനെ ഇനിയാരും വിശ്വസിക്കാൻ പോകുന്നില്ല. അവർ നുണ പറയാത്ത ഒരു ദിവസം പോലും ഇല്ല' -അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രജയോട് വിനയത്തോടെ പറയാനുള്ളത് ഇതാണ്, സത്യസന്ധനാകൂ... യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കൂ, ചെയ്തത് ശരിയായിരുന്നില്ലെന്ന് അദ്ദേഹത്തിനറിയാം'- ഫാറൂഖ് തുടർന്നു.
കാശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞിട്ടും തെരുവുകളിൽ വലിയ പ്രതിഷേധങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകാതിരുന്നതെന്ന ചോദ്യത്തിന് ജനങ്ങൾ കൊല്ലപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മറുപടി. 'ൈദവത്തിൽ സമർപ്പിച്ച് ക്ഷമിക്കാൻ ജനങ്ങളോട് ഞങ്ങളാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ആളുകൾ കൊല്ലപ്പെടുമായിരുന്നു.' -അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം ആളുകളെ കൂട്ടക്കൊല ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആളുകൾ കൊല്ലപ്പെടരുതെന്ന് തങ്ങൾ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളയുന്ന സമയത്തെ ഗവർണറായിരുന്ന സത്യപാൽ മാലികിനെ ഉദ്ധരിച്ചാണ് സമരങ്ങളെ കൂട്ടക്കൊലയിലൂടെ നേരിടാനുള്ള ആസൂത്രണം ഉണ്ടായിരുന്നുവെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചത്.
'വളരെ അപരിചിതവും അപ്രതീക്ഷിതവുമായ കാര്യങ്ങളാണ് സംഭവിച്ചത്. ഒരിക്കലും സംഭവിക്കുമെന്ന് കരുതാത്ത കാര്യങ്ങളായിരുന്നു അത്. പുറത്തിറങ്ങാൻ അനുവാദമില്ലെന്ന് പൊലീസ് വന്ന് പറയുമ്പോഴാണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഡോക്ടറെ കാണാൻ പോലും യാചിക്കേണ്ട അവസ്ഥയായിരുന്നു'- കരുതൽ തടവിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഇന്ത്യേയാടൊപ്പം നിന്നവരാണ്. എന്നാൽ, (ഇപ്പോഴത്തെ നടപടികൾ) നൽകുന്ന സന്ദേശം മറ്റൊന്നാണ്. നമ്മൾ രാജ്യത്തിെൻറ കൂടെ നിൽക്കേണ്ടതില്ലെന്ന ചിന്തയും ഭയവും ജനങ്ങളിലുണ്ട്. ഇന്ത്യയുടെ കൂടെ നിന്നാൽ എന്തൊക്കെയാണ് സംഭവിക്കുക എന്നതാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
83 കാരനായ ഫാറൂഖ് അബ്ദുല്ലയും മകൻ ഉമർ അബ്ദുല്ലയും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുമടക്കം ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെയെല്ലാം തടവിലാക്കിയായിരുന്നു കേന്ദ്ര സർക്കാർ കാശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.