ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മുകശ്മീരിൽ ഫാറൂഖ് അബ്ദുല്ലയുടെ പാർട്ടി ഒറ്റക്ക് മത്സരിക്കും
text_fieldsശ്രീനഗർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മുകശ്മീരിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ്. സീറ്റ് വിഭജനത്തെ കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടിയുടേയും കൂട്ടുകൂടാതെ ഞങ്ങൾ ഒറ്റക്കു മത്സരിക്കുമെന്ന വിവരം അറിയിക്കുകയാണ്. അതിൽ രണ്ടഭിപ്രായമില്ല. അതെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല.-ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. ഇൻഡ്യ സഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ്. പ്രതിപക്ഷ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ ഒറ്റക്കു മത്സരിച്ച് സഖ്യത്തെ പ്രതിരോധത്തിലാക്കിയതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചില്ല.
ഇൻഡ്യ സഖ്യത്തിലെ സീറ്റ് വിഭജനത്തെ പറ്റിയുള്ള ചർച്ചകളിൽ നേരത്തേ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ രക്ഷിക്കാൻ ഭിന്നിപ്പുകൾ മറന്ന്, അഭിപ്രായങ്ങൾ മാറ്റിവെച്ച് ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം കപിൽ സിബലിന്റെ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.
ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ക്രമക്കേടുണ്ടെന്നാരോപിച്ച് ചോദ്യം ചെയ്യാനായി അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫാറൂഖ് അബ്ദുല്ലക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഫാറൂഖ് അബ്ദുല്ല ഹാജരായിരുന്നില്ല. താൻ നഗരത്തിലില്ലെന്നാണ് അദ്ദേഹം കാരണമായി പറഞ്ഞത്.
പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തുവെന്നും അസോസിയേഷന്റെ അക്കൗണ്ടുകളിൽ നിന്ന് വിശദീകരണം നൽകാതെ പണം പിൻവലിച്ചും പണംതട്ടിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.