'റാഫേലിന് പോലും ഇത്ര വേഗതയുണ്ടാകില്ല'; വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ ഉത്തരവിനെ പരിഹസിച്ച് ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ട ഗവർണറുടെ നടപടിയെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ജെറ്റിനേക്കാൾ വേഗത്തിലാണ് ഗവർണർ നീങ്ങുന്നതെന്നായിരുന്നു റാവുത്തിന്റെ പരിഹാസം. "റാഫേലിന് പോലും ഇത്ര വേഗതയുണ്ടാകില്ല. ഗവർണർ പക്ഷപാതം കാണിക്കുകയാണെന്നും"-അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റാവുത്ത് പറഞ്ഞു. എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീം കോടതി ഇതുവരെ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ അത്തരത്തിലുള്ള ഏതൊരു നീക്കവും നിയമവിരുദ്ധമാണ് അദ്ദേഹം ആരോപിച്ചു.
'ഞങ്ങൾ ഇതിനെ നിയപരമായാണ് നേരിടുന്നത്. എം.എൽ.എമാർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത് അല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടക്കില്ല. നിങ്ങൾക്ക് ഞങ്ങൾക്കെതിരെ പോരാടണമെങ്കിൽ മുന്നിൽ നിന്ന് പോരാടണം'- റാവുത്ത് പറഞ്ഞു. ഗവർണറെക്കുറിച്ച് താൻ കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഭരണഘടനാ തലവനാണ്. എന്നാൽ ഈ രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ അനുയോജ്യമെന്ന് തോന്നുന്ന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും റാവുത്ത് മുന്നറിയിപ്പ് നൽകി.
മഹാരഷ്ട്ര സർക്കാരിന്‍റെ സഖ്യ കക്ഷികളായ എൻ.സി.പിയും കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ഒരു കൂട്ടം എം.എൽ.എമാർ വിമത നീക്കം നടത്തിയത്. ഇവർ ഇപ്പോൾ ഗുവാഹത്തിയിൽ തുടരുകയാണ്. വിമത നീക്കവുമായി ഇതുവരെ ഒരു ബന്ധവുമില്ലെന്നാണ് ബി.ജെ.പി വാദിച്ചച്ചത്. എന്നാൽ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ രാത്രി ഗവർണറെ കണ്ട് ഉദ്ധവ് താക്കറെയുടെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.