ബാലസോർ ദുരന്തം: ഏഴ് റെയിൽവേ ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ റെയിൽവേ സസ്പെൻഡ് ചെയ്തു. ഇതിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത മൂന്നുപേരും ഉൾപ്പെടും. ഇവർ ജോലിയിൽ വീഴ്ച വരുത്തിയെന്നും ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും തെക്ക് കിഴക്കൻ റെയിൽവേ ജനറൽ മാനേജർ അനിൽ കുമാർ മിശ്ര പറഞ്ഞു. സീനിയർ സെക്ഷൻ എൻജിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ ഇവരെ കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച മുതൽ നാല് ദിവസത്തേക്ക് കൂടി കോടതി ഇവരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. തെക്ക് കിഴക്കൻ റെയിൽ സുരക്ഷ സർക്കിൾ കമ്മീഷണർ (സി.ആർ.എസ്) നടത്തിയ അന്വേഷണത്തിൽ സിഗ്നൽ പിഴവാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കണ്ടെത്തിയിരുന്നു.
ജൂൺ രണ്ടിനാണ് രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തമുണ്ടായത്. കോറോ മണ്ടൽ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റി. കോച്ചുകൾ ഇതേ സമയം കടന്നുപോവുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 293 പേർ മരിക്കുകയും 1,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.