ആംബുലൻസ് ലഭിച്ചില്ല; ഒന്നരവയസുകാരന്‍റെ മൃതദേഹവുമായി 55 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് പിതാവ്
text_fieldsറായ്പൂർ: പോസ്റ്റുമാർട്ടത്തിനെത്തിക്കാൻ ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടർന്ന് ഒന്നര വയസുള്ള മകന്‍റെ മൃതദേഹവുമായി 55 കിലോമീറ്ററോളം ബൈക്കിൽ യാത്ര ചെയ്ത് പിതാവ്. അർസേന ഗ്രാമത്തിലെ നിവാസിയായ ദർശ്റാം യാദവിന്‍റെ മകൻ അശ്വിൻ ആണ് മരണപ്പെട്ടത്.
ഛത്തീസ്ഗഡിലെ കോർബയിൽ ആഗസ്റ്റ് 27നായിരുന്നു സംഭവം. അമ്മ അകാസോ ബായിയുമായി അശ്വിൻ കുളത്തിൽ കുളിക്കാൻ പോയിരുന്നു. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോർച്ചറി സൗകര്യം ലഭ്യമാകാത്തതിനെ തുടർന്ന് മൃതദേഹം കുടുംബം വീട്ടിൽ സൂക്ഷിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോർബ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പൊലീസ് നിർദേശിച്ചതോടെ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും സഹായിക്കാൻ ആരും എത്തിയില്ല. ഇതോടെ ദർശ്റാം മകന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ കെട്ടിയ ശേഷം ബൈക്കിൽ കോർബയിലേക്ക് പോകുകയായിരുന്നു.
ബാൽകോ, എൻ.ടി.പി.സി, സി.എസ്.പി.ഡി.സി.എൽ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആസ്ഥാനമായ ഛത്തീസ്ഗഡിലെ പ്രധാന പവർ ഹബ്ബായി അറിയപ്പെടുന്ന കോർബയിലാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി പ്രതിവർഷം ഗണ്യമായ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തിയിട്ടും പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനം തുടരുകയാണെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.