ബി.ജെ.പി എം.എൽ.എ ഉൾപ്പെട്ട ബലാത്സംഗക്കേസ് ഇരയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ചു
text_fieldsലഖ്നോ: യു.പിയിലെ ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറും സഹോദരങ്ങളും ചേർന്ന് ബലാത്സംഗംചെയ്തതെന്ന് പരാതിയുയർന്ന 18കാരിയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് 50 വയസ്സുള്ള പപ്പു സിങ്ങിനെ ജില്ലജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെയാണ് മരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. എം.എൽ.എക്കുവേണ്ടി തെൻറ പിതാവിനെ ജയിലിൽ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇരയായ യുവതി ആരോപിച്ചു. പലപ്പോഴായി തങ്ങൾ ഭീഷണി നേരിട്ടിട്ടുണ്ട്. ഇപ്പോൾ അവർ എെൻറ പിതാവിനെ കൊന്നു- യുവതി വാർത്തലേഖകരോട് പറഞ്ഞു.
മരണകാരണം സ്ഥിരീകരിക്കാൻ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം പൂർത്തിയാക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് രവി കുമാർ പറഞ്ഞു. ഏപ്രിൽ അഞ്ചിന് ആയുധനിയമപ്രകാരമാണ് പപ്പുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ എം.എൽ.എയുടെ സഹോദരൻ അനിൽ സിങ് മർദിച്ചിരുന്നു.
തന്നെ ബി.ജെ.പി എം.എൽ.എയും സഹോദരങ്ങളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് പപ്പുവിെൻറ മകൾ കഴിഞ്ഞദിവസം ലഖ്നോവിൽ മുഖ്യമന്ത്രിയുടെ വസതിക്കുസമീപം തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് പൊലീസ് തടഞ്ഞു. ബലാത്സംഗം ഉന്നയിച്ച് താൻ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചു. കഴിഞ്ഞവർഷമാണ് സംഭവം നടന്നത്. ശേഷം അധികാരികളുടെയും പൊലീസിെൻറയും മുഖ്യമന്ത്രിയുടെയും മുന്നിൽ പരാതിയുമായി എത്തിയെങ്കിലും ആരും സഹായിച്ചില്ലെന്ന് അവർ പറഞ്ഞു.
യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് തെൻറ രാഷ്ട്രീയജീവിതം തകർക്കാൻ എതിരാളികൾ കെട്ടിച്ചമച്ചതാണെന്നും എം.എൽ.എ പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒാഫിസർമാരും നാല് കോൺസ്റ്റബിൾമാരും അടക്കം ആറുപേരെ സസ്പെൻഡ് ചെയ്തു. പപ്പുവിനെ മർദിച്ചതായി പരാതി ഉയർന്ന നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മരണത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായി യു.പി കാബിനറ്റ് മന്ത്രിയും വക്താവുമായ ശ്രീകാന്ത് ശർമ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.