'അച്ഛൻ ഒാരോ നിമിഷവും പ്രചോദനം'
text_fields'അച്ഛൻ ഒാരോ നിമിഷവും പ്രചോദനം'
പ്രിയപ്പെട്ട അച്ഛാ,
ലോകം പിതൃദിനം ആഘോഷിക്കുന്ന തിരക്കിലമരവെയാണ് ഞങ്ങൾ ഈ കത്തെഴുതുന്നത്. വർഷത്തിലെ ഒരു ദിവസം പോരാ ആഘോഷിക്കാനും ആദരിക്കാനും അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞുതീർക്കാനും. അങ്ങയുടെ മക്കളായതിൽ എത്രമാത്രം ഞങ്ങൾ നന്ദിയും അഭിമാനവുമുള്ളവരാണ് എന്ന് പറഞ്ഞു വെക്കാൻ മാത്രമാണ് ഇപ്പോഴീ കത്തെഴുതുന്നത്. ഞങ്ങൾ നേടിയതിനെല്ലാം അങ്ങയോടും അമ്മയോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് അങ്ങൊരു ധീരനായകനാണ്, പക്ഷേ ഞങ്ങളുടെ ലോകംതന്നെ താങ്കളാണ്. സ്വതന്ത്ര വ്യക്തികളായി ഞങ്ങളെ രൂപപ്പെടുത്തിയതിനുള്ള നന്ദി പറഞ്ഞുതീർക്കാനാവില്ല. ചോദ്യം ചോദിക്കാൻ ഞങ്ങളെ പഠിപ്പിച്ചു. ആരുടെയും ഒൗദാര്യം ഒരിക്കലും സ്വീകരിക്കരുതെന്ന് പഠിപ്പിച്ചു. പ്രത്യാഘാതം എന്തായാലും ശരിയെന്നുറപ്പുള്ള കാര്യങ്ങൾക്കുവേണ്ടി മനഃസാക്ഷിക്കൊപ്പം നിൽക്കണമെന്ന് താങ്കളാണ് ഞങ്ങളെ പഠിപ്പിച്ചത്; പരിശീലിപ്പിച്ചത്. ഏതു വിപത്കാലത്തും ശാന്തത കൈവിടാതെ ചെറുത്തുനിൽക്കാൻ പ്രേരിപ്പിച്ചതിന് നന്ദി. പലരും പലപ്പോഴും ഞങ്ങളോട് ചോദിക്കാറുണ്ട്, ഇൗ പ്രയാസവേളയിൽ എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്ന്. അവർക്കറിയില്ലല്ലോ, ഞങ്ങളുടെ സുഹൃത്തും മാർഗദർശിയുമായ പിതാവ് ജീവിതത്തിലെ ഏതുതരം സന്ദർഭങ്ങളെയും നേരിടാൻ സന്നദ്ധരാം വിധമാണ് ഞങ്ങളെ ചിട്ടപ്പെടുത്തിയതെന്ന്. ഉള്ളം നിറയെ ധൈര്യവും നിശ്ചയദാർഢ്യവും പോരാട്ടവീര്യവും സൂക്ഷിക്കുന്ന സഞ്ജീവ് ഭട്ടിെൻറ മക്കളാണ് ഞങ്ങൾ. താങ്കളൊരു തികഞ്ഞ പോരാളിയാണ്. വീണ്ടും പറയെട്ട, താങ്കളാണ് ഞങ്ങളുടെ പിതാവെന്നതിലെ തികഞ്ഞ അഭിമാനവും തീർത്താൽ തീരാത്ത കടപ്പാടും വർണിക്കാൻ വാക്കുകൾ മതിയാവില്ലതന്നെ. തീർത്തും ക്ലേശകരമായിരുന്നു പോയ രണ്ടു വർഷങ്ങൾ, പക്ഷേ എത്ര കടുത്ത പരിതഃസ്ഥിതികളിലും താങ്കൾ മുഖത്ത് പുഞ്ചിരി കാത്തുസൂക്ഷിച്ചിരുന്നു, ഏത് പ്രയാസ കാലത്തെയും മറികടക്കാനാകുമെന്നും കാര്യങ്ങളെല്ലാം നന്നായി പര്യവസാനിക്കുമെന്നും ഉറപ്പും കരുത്തും പകർന്നിരുന്ന അതിമനോഹരമായ പുഞ്ചിരി. അച്ഛാ, ഇൗ ദിവസം ഞങ്ങൾ അങ്ങയോട് ഹൃദയംതൊട്ട് നന്ദി പറയുന്നു. ഇതുപോലൊരു ശാന്തഗംഭീര മനുഷ്യനായതിൽ, ഞങ്ങളുടെ പിതാവായി ഭൂമിയിലെ ഏറ്റവും സൗഭാഗ്യമുള്ള മക്കളായിത്തീർത്തതിൽ. അങ്ങയുടെ കരുത്തും ധൈര്യവും ഞങ്ങളെയും ലോകമൊട്ടുക്കുമുള്ള പതിനായിരക്കണക്കിന് മനുഷ്യരെയും ഒാരോ നിമിഷവും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
അചഞ്ചലമായ ആത്മവിശ്വാസത്തോടെ, നിശ്ചയദാർഢ്യത്തോടെ ഞങ്ങൾ എന്നും അങ്ങേക്ക് ഒപ്പമുണ്ടാവും. ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ചങ്ങലക്കെട്ടുകളിൽനിന്ന് അങ്ങ് മോചിതനാകും വരെ, അമ്മക്കും ഞങ്ങൾക്കുെമാപ്പം ഒത്തുചേരും വരെ ഞങ്ങൾ അവിശ്രമം പ്രയത്നിച്ചു കൊണ്ടേയിരിക്കും, ഇത് ഞങ്ങളുടെ വാക്കാണ്.
അച്ഛെൻറ സ്വന്തം
ആകാശിയും ശാന്തനുവും
(ഗുജറാത്ത് വംശഹത്യകാലത്ത് മുഖ്യന്ത്രിയായിരുന്ന നരേന്ദ്ര മോദി വഹിച്ച പങ്കിനെക്കുറിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാൻ ധൈര്യം കാണിച്ചതിെൻറ പേരിൽ ഭരണകൂടം പകപോക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്ത െഎ.പി.എസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്)
മൊഴിമാറ്റം: സവാദ് റഹ്മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.