പരീക്ഷയിൽ കോപ്പിയടിക്കുമെന്ന പേടി; രാജസ്ഥാനിലെ മൂന്ന് ജില്ലകളിൽ ഇന്‍റർനെറ്റിന് താൽക്കാലിക വിലക്ക്
text_fieldsബിക്കാനീർ: പട്വാരി റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ബിക്കാനീർ, ജയ്പുർ, ദൗസ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കും. ബിക്കാനീർ ഡിവിഷനൽ കമീഷണർ ബി.എൽ. മെഹ്റയുടെ ഉത്തരവ് പ്രകാരം രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഇന്‍റർനെറ്റ് സേവനങ്ങൾ പരിധിക്ക് പുറത്താവുക.
2ജി, 3ജി, 4ജി ഡാറ്റ, ബൾക്ക് എസ്.എം.എസ്/എം.എം.എസ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവക്കെല്ലാം വിലക്കുണ്ടാകും. അതേസമയം വോയ്സ് കാൾ, ലാൻഡ്ലൈൻ സേവനം, ആശുപത്രികൾ, ബാങ്കുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ ബ്രോഡ്ബാൻഡ് കണക്ഷൻ എന്നിവക്ക് തടസ്സമുണ്ടാകില്ല.
കോപ്പിയടിക്കലും ചോദ്യപേപ്പർ ചോർച്ച പോലുള്ളവ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും തടയാനാണ് ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കുന്നത്. ഉത്തരേന്ത്യയിൽ നടക്കുന്ന വിവിധ പരീക്ഷകളിൽ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കോപ്പിയടിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. സർക്കാർ ജോലിക്കായി നടത്തുന്ന പട്വാരി റിക്രൂട്ട്‌മെന്‍റിൽ 5300 ഒഴിവുകളിലേക്ക് രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.
സെപ്റ്റംബർ 26നും രാജസ്ഥാനിൽ ഇത്തരത്തിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരുന്നു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി നടത്തുന്ന പരീക്ഷയിലെ തട്ടിപ്പ് തടയാനായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.