ജീവനിൽ ഭയമുണ്ട്, ബ്രിജ് ഭൂഷണെ ഉടൻ പുറത്താക്കണം -ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: ലൈംഗീകാരോപണ വിധേയനായ റെസ്‍ലിങ് ഫെഡറേഷൻ അധ്യക്ഷനെ ഉടൻ പുറത്താക്കണമെന്ന് ഗുസ്തി താരങ്ങൾ. തങ്ങൾക്ക് ജീവനിൽ ഭയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ ആവശ്യം. എന്നാൽ ആരോപണങ്ങൾ തള്ളിയ അധ്യക്ഷൻ ബ്രിജ് ഭൂഷൺ കുറ്റം നിഷേധിക്കുകയും രാജിവെക്കില്ലെന്ന് പറയുകയും ചെയ്തു.
ഞാൻ സംസാരിച്ചാൽ ഇവിടെ സുനാമി തന്നെയുണ്ടാകും. ആരുടെയും സഹായത്തോടെയല്ല ഞാനിവിടെ എത്തിയത്. ജനങ്ങൾ തെരഞ്ഞെടുത്താണ് ഇവിടെ എത്തിയത്. -ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു. രാജിവെക്കില്ലെന്ന് ഉറപ്പിച്ച ബ്രിജ് നാലുമണിക്ക് വാർത്താസമ്മേളനം വിളിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, കായിക മന്ത്രി അനുരാഗ് താക്കൂർ ബ്രിജ് ഭൂഷനെ വിളിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അത് കൂടുതൽ പ്രശ്നങ്ങൾക്കിടവരുത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇന്നലെ പ്രതിഷേധക്കാരുമായി മന്ത്രി ചർച്ച നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഇന്ന് വീണ്ടും ചർച്ച നടത്തുന്നുണ്ട്.
യോഗത്തിന് മുന്നോടിയായി പ്രതിഷേധക്കാർ ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷക്ക് കത്തെഴുതിയിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ മെഡൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ ബ്രിജ് ഭൂഷൻ മാനസിക പീഡനത്തിനിരയാക്കിയിരുന്നു. അവർ ആത്മഹത്യാ വക്കിലായിരുന്നുവെന്നും ഗുസ്തി താരങ്ങൾ പി.ടി. ഉഷക്കെഴുതിയ കത്തിൽ പറഞ്ഞു. തങ്ങൾ ജീവനിൽ പേടിയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലൈിംഗിക പീഡനത്തിനിരയായവരുടെ പേരുകൾ ഒളിമ്പിക് അസോസിയേഷനു മുന്നിൽ വെളിപ്പെടുത്താൻ തയാറാണെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.