നീറ്റ് പരീക്ഷ പേടി; തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
text_fieldsചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലുള്ള സമ്മർദ്ദം മൂലം തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ദർശിനി എന്ന വിദ്യാർത്ഥിയാണ് പരീക്ഷ പേടിയിൽ ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ കിലാമ്പാക്കത്താണ് സംഭവം. 2021 മുതൽ ദർശിനി നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. മെയ് 4ന് പരീക്ഷ നടക്കാനിരിക്കെയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ. സംഭവത്തിൽ കിലാമ്പാക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷ സമ്മർദ്ദത്തിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ തമിഴ്നാട്ടിൽ വർധിച്ചു വരുകയാണ്. വില്ലുപുരം ജില്ലയിലെ തീണ്ടിവനത്ത് മാർച്ച് 1ന് 19 വയസ്സുള്ള ഇന്ദു എന്ന വിദ്യാർത്ഥിയെയും വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ദുവിന് പ്ലസ് ടു പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ കഴിഞ്ഞതിനെ തുടർന്ന് പോണ്ടിച്ചേരിയിലുള്ള സ്വകര്യ എൻട്രൻസ് അക്കാഡമിയിൽ കോച്ചിങിന് ചേർന്നിരുന്നു. കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ ഇന്ദുവിന് 350 മാർക്ക് മാത്രമേ നേടാനായുള്ളു. തുടർന്ന് ഇത്തവണത്തെ പരീക്ഷയ്ക്കായി വീണ്ടും വീട്ടിൽ നിന്നും സ്വയം തയ്യാറെടുക്കുകയയായിരുന്ന ഇന്ദുവിനെ മാതാപിതാക്കളും സഹോദരനും തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി.
ഈ സംഭവത്തിന് മുമ്പും സേലം ജില്ലയിലെ എടപ്പാടി താലൂക്കിൽ കീൽമുഗം ഗ്രാമത്തിൽ പുനിത എന്ന വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. പുനിതക്ക് മെഡിക്കൽ പരീക്ഷക്കുള്ള മാർക്കില്ലാത്തതിനാൽ പാരാമെഡിക്കൽ കോഴ്സിനുള്ള കൗൺസിലിംഗിൽ പുനിത പങ്കെടുത്തിരുന്നു. പക്ഷെ ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ ലഭിക്കാതിരുന്നത് പുനിതയെ മാനസികമായി തളർത്തി.
തമിഴ്നാട് സർക്കാരും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നീറ്റ് പരീക്ഷയെ വളരെയധികം എതിർത്തിരുന്നു. പരീക്ഷയുടെ കോച്ചിങ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് വളരെ പ്രയാസം നേരിടുന്നുണ്ട്. നീറ്റ്-യു.ജി 2024 ചോദ്യപേപ്പറുകൾ ചോർന്നതും നീറ്റ്-പി.ജി 2024 പരീക്ഷ മാറ്റിവച്ചതുമായ വിവാദങ്ങളെത്തുടർന്ന്, 2024 ജൂണിൽ, സംസ്ഥാന നിയമസഭ നീറ്റ് പരീക്ഷക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കൂടാതെ നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ഭരണകക്ഷിയായ ഡി.എം.കെയും സഖ്യ കക്ഷികളും കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.