'വഴക്കു പറയുന്ന ഭാര്യയിൽനിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായി ജയിലിൽ കഴിയണം'; പൊലീസ് സ്റ്റേഷന് തീവെച്ച പ്രതിയുടെ പ്രതികരണം...
text_fieldsരാജ്കോട്ട്: പൊലീസ് സ്റ്റേഷന് തീവെച്ചതിന് പിടിയിലായ പ്രതിയോട് കാരണം അന്വേഷിച്ചപ്പോൾ ലഭിച്ചത് രസകരമായ മറുപടി. എപ്പോഴും വഴക്കു പറഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയിൽനിന്ന് രക്ഷപ്പെട്ട് കുറച്ചു ദിവസം സ്വസ്ഥമായി ജയിലിൽ കിടക്കാനാണ് കടുംകൈ ചെയ്തതെന്നാണ് യുവാവ് പറഞ്ഞത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. 23 കാരനായ ദേവ്‌ജി ചാവ്ഡയാണ് ഞായറാഴ്ച പൊലീസ് സ്റ്റേഷന് തീയിട്ടത്. സ്വസ്ഥമായി ഭക്ഷണം കഴിച്ച് കുറച്ചുദിവസം ജയിലിൽ കഴിച്ചുകൂട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്.
അടുത്തിടെ വിവാഹം കഴിച്ച ഇയാൾക്ക് വീട്ടിലെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുന്നതിന് സാധിച്ചിരുന്നില്ല. ഇതുപറഞ്ഞ് ദിവസവും വീട്ടിൽ ഭാര്യയുമായി വഴക്കിടാറുണ്ടെന്നും ദേവ്‌ജി പറയുന്നു. ഇതിൽ മനംമടുത്താണ് പൊലീസ് സ്റ്റേഷൻ തീയിട്ടത്. ഇയാൾ ദിവസകൂലിക്ക് ജോലി ചെയ്തിരുന്ന ആളാണെന്നും കാര്യമായ വരുമാനം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെപറ്റി പൊലീസ് പറയുന്നത്
രാജ്കോട്ട്, ജാംനഗർ റോഡിലെ ബജ്‌റംഗ് വാഡി പോലീസ് സ്റ്റേഷന് എതിർവശത്താണ് യുവാവ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി ഇന്ധനം ഉപയോഗിച്ച് തീയിട്ടു. ഇൗ സമയം സ്റ്റേഷനിൽ പൊലീസുകാർ ആരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏതാനും വ്യാപാരികൾ സ്ഥലത്തെത്തി. ഇവർ തീ കെടുത്തിയശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ പ്രതി അവിടെതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുമില്ല. 'ചോദ്യം ചെയ്യലിനിടെ, വീട്ടിലെ ജീവിതം മടുത്തുവെന്നും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും അവിടെ തനിക്ക് ഭക്ഷണമെങ്കിലും കിട്ടുമല്ലോയെന്നും' പൊലീസിനോട് പറയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ ഖുമാൻസിങ് വാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.