സ്വാശ്രയ ഫീസ് നിർണയം; പന്ത് വീണ്ടും ഫീസ് നിർണയസമിതി കോർട്ടിൽ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ ഉയർത്താൻ ലക്ഷ്യമിട്ട് മാനേജ്മെൻറുകൾ നാല് വർഷേത്താളമായി നടത്തിവന്ന കേസിൽ പന്ത് വീണ്ടും ഫീസ് നിർണയസമിതിയുടെ കോർട്ടിലേക്ക്. മൂന്ന് മാസത്തിനകം മുഴുവൻ നടപടികളും പൂർത്തിയാക്കി 2017- 18 മുതൽ 2020 -21 വരെയുള്ള ഫീസ് നിർണയം നടത്തണമെന്നാണ് സുപ്രീംകോടതി വിധി. രണ്ടുതവണ ഹൈകോടതി വിധി പറഞ്ഞ കേസിൽ മാനേജ്മെൻറുകൾ ഉയർത്തിയ പ്രധാന വാദങ്ങളെല്ലാം നിരാകരിച്ചാണ് സുപ്രീംകോടതി വിധി.
ഫീസ് നിർണയത്തിന് സമിതിക്ക് അധികാരമില്ലെന്ന മാനേജ്മെൻറുകളുടെ വാദം ഹൈകോടതി നേരത്തേ തള്ളിയിരുന്നു. മാനേജ്മെൻറുകൾ സമർപ്പിക്കുന്ന ഒാഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിെൻറ മാത്രം അടിസ്ഥാനത്തിൽ ഫീസ് നിർണയിക്കാനുള്ള ഹൈകോടതി വിധിയെ ഫലത്തിൽ അസാധുവാക്കുന്നതാണ് സുപ്രീംകോടതി വിധി.
ബാലൻസ് ഷീറ്റിൽ പറയുന്ന വരവ് ചെലവുകൾക്കാധാരമായ വൗച്ചറുകളും റസീപ്റ്റുകളും പരിശോധനക്കായി ഹാജരാക്കണമെന്നായിരുന്നു ഫീസ് നിർണയസമിതി നിലപാട്. എന്നാൽ, ഇത്തരം രേഖകൾ പരിശോധിക്കേണ്ടതില്ലെന്നും സമിതി 'സൂപ്പർ അക്കൗണ്ടിങ്' നടത്തേണ്ടതില്ലെന്നുമായിരുന്നു ഹൈകോടതി ഉത്തരവ്. ഇത് ഫലത്തിൽ ഫീസ് ഉയർത്താൻ വഴിവെക്കുമെന്ന് കണ്ടാണ് സർക്കാറും വിദ്യാർഥികളും സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് നിർണയം ചൂഷണരഹിതവും അമിതമല്ലാത്തതുമാണെന്ന് ഉറപ്പുവരുത്താനാവശ്യമായ രേഖകൾ സമിതി മുമ്പാകെ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത് ഫീസ് ഉയർത്താൻ ലക്ഷ്യമിട്ട മാനേജ്മെൻറുകൾക്കുള്ള തിരിച്ചടിയായി .
ഫീസ് നിർണയം ചൂഷണരഹിതവും അമിതമല്ലാത്തതുമായിരിക്കണമെന്ന് വ്യക്തമാക്കുന്ന പി.എ ഇനാംദാർ കേസിലെയും മോഡേൺ ഡെൻറൽ കോളജ് കേസിലെയും വിധിക്കനുസൃതമായി ഫീസ് നിർണയിക്കാനും സുപ്രീംകോടതി വിധിയിൽ നിർദേശമുണ്ട്. ഫീസ് ഉയർത്താൻ കോളജ് ചെലവുമായി ബന്ധമില്ലാത്ത കണക്കുകളാണ് പല മാനേജ്മെൻറുകളും ഫീസ് നിർണയസമിതി മുമ്പാകെ സമർപ്പിച്ചിരുന്നത്. ഇത് ചൂഷണത്തിനും അമിത ഫീസിനുമുള്ള നീക്കമാണെന്ന് കണ്ട് ഫീസ് നിർണയസമിതി ഒഴിവാക്കിയിരുന്നു.
നേരത്തേ നടത്തിയ ഫീസ് നിർണയം സമിതിയിൽ ക്വാറമില്ലെന്ന കാരണം പറഞ്ഞാണ് ഹൈകോടതി 2019ൽ റദ്ദാക്കിയതും പുനർനിർണയിക്കാൻ ആവശ്യപ്പെട്ടതും. ഒാർഡിനൻസിലൂടെ സമിതിയുടെ ഘടനയിൽ മാറ്റം വരുത്തിയശേഷം നടത്തിയ ഫീസ് നിർണയം ഒടുവിൽ ഹൈകോടതി 2020 മേയ് 19ന് റദ്ദാക്കുകയും പുനർനിർണയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. മൂന്നാം തവണയാണ് ഒരേ കോഴ്സിലേക്കുള്ള ഫീസ് സമിതി നിശ്ചയിക്കാൻ പോകുന്നത്. 19 സ്വാശ്രയ കോളജുകളുടെ നാലുവർഷത്തെ ഫീസ് കോളജുകളെ വീണ്ടും കേട്ടശേഷം മൂന്ന് മാസത്തിനകം നിശ്ചയിക്കാനാകുമോ എന്നതാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതിക്ക് മുന്നിലെ വെല്ലുവിളി.
ഫീസ് നിർണയം പ്രതിസന്ധിയുയർത്തിയതോടെ മെഡിക്കൽ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ പികോംസും (പാരൻറ്സ് കോ- ഒാർഡിനേഷൻ ഒാഫ് മെഡിക്കൽ സ്റ്റുഡൻറ്സ്) 2017 ബാച്ചിലുള്ള വിദ്യാർഥികളുടെ രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ പി.എസ്. പഡ്വാലിയയും പി.എസ്. നരസിംഹയും ഇവർക്ക് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.