ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു; ചുമലിൽ നിന്ന് വലിയ ഭാരമൊഴിഞ്ഞു -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: ചുമതല ഭാരങ്ങളൊഴിഞ്ഞ സന്തോഷത്തോടെയാണ് സോണിയ ഗാന്ധി മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസ് പ്രസിഡന്റ് പദം കൈമാറിയത്. "തന്നെ ഏൽപിച്ച ജോലി കഴിവിന്റെ പരമാവധി നന്നായി ചെയ്തു. ഇന്ന് എല്ലാ ചുമതലകളിൽ നിന്നും മോചിതയായിരിക്കുന്നു. ചുമലിൽ നിന്ന് വലിയ ഭാരമൊഴിഞ്ഞു. വലിയ ആശ്വാസം തോന്നുന്നു ഇപ്പോൾ'' എന്നായിരുന്നു ബാറ്റൺ ഖാർഗെക്ക് കൈമാറിയ ശേഷം സോണിയയുടെ പ്രതികരണം.
22വർഷത്തോളമായി കോൺഗ്രസ് അധ്യക്ഷ പദത്തിലിരുന്ന വ്യക്തിയാണ് സോണിയ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ പദം എന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നുവെന്നും ഇനിയാ ചുമതല ഖാർഗെ വഹിക്കുമെന്നും സോണിയ തുടർന്നു.
ജനാധിപത്യമൂല്യങ്ങളുടെ തകർച്ചയാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോൺഗ്രസ് ഒരുപാട് പ്രതിസന്ധികൾ നേരിടുന്നുണ്ട്. എല്ലാം നേരിട്ടേ മതിയാകൂ. പൂർണ ശക്തിയോടെ, ഐക്യത്തോടെ എല്ലാം മറികടന്ന് മുന്നോട്ടു പോകാൻ സാധിക്കും-കോൺഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യവെ സോണിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞാഴ്ച നടന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് 80 കാരനായ ഖാർഗെ വിജയിച്ചത്. ഗാന്ധി കുടുംബത്തിന്റെ നിഴലാണ് ഖാർഗെ എന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. അതിനാൽ തന്നെ ഖാർഗെക്ക് വിജയം ഉറപ്പാണെന്നും പ്രചാരണമുണ്ടായി. എന്നാൽ ഈ ആരോപണങ്ങൾ കോൺഗ്രസ് തള്ളിയിരുന്നു. പാർട്ടിയിലെ ജനാധിപത്യത്തിന്റെ സൂചനയാണ് രണ്ട് സ്ഥാനാർഥികളെ മത്സരിപ്പിച്ചതോടെ തെളിഞ്ഞതെന്നും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.