സെൽഫിയെടുക്കുന്നതിനിടെ 140 അടി താഴ്ചയിലേക്ക് വീണു; യുവാവിന് രക്ഷയായി ഫോൺ
text_fieldsബംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഗോഖക് വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ 140 അടി താഴ്ചയിലേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നിൻമുകളിൽനിന്ന് താഴേക്ക് പതിച്ച യുവാവ് മരിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് 12 മണിക്കൂറിനുശേഷം ജീവനോടെ തിരിച്ചെത്തിയത്.
കലബുറഗി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ പ്രദീപാണ് (28) മരണത്തിെൻറ വക്കിൽനിന്നും തിരിച്ചെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പ്രദീപും അഞ്ച് സുഹൃത്തുക്കളും വെള്ളച്ചാട്ടം കാണാനെത്തിയത്. കുന്നിൻ മുകളില്‍നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ പ്രദീപിെൻറ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസും പ്രദേശവാസികളും ചേർന്ന് ഏറെനേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചു.
പാറക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലമായതിനാൽ പ്രതീക്ഷ വേണ്ടെന്നും മരിച്ചിട്ടുണ്ടാകുമെന്നും പൊലീസ് സുഹൃത്തുക്കളെ അറിയിച്ചു. എന്നാൽ, ഞായറാഴ്ച പുലർച്ചെ മൂന്നോടെ സുഹൃത്തിെൻറ ഫോണിലേക്ക് പ്രദീപ് വിളിച്ചു. പാറക്കിടയിൽ കുടുങ്ങിപോവുകയായിരുന്നുെവന്നും മുകളിലേക്ക് കയറാൻ ശ്രമിക്കുകയുമാണെന്നായിരുന്നു പ്രദീപ് ഫോണിലൂടെ പറഞ്ഞത്.
താഴെ വീണ മൊബൈൽ തിരഞ്ഞു കണ്ടുപിടിച്ചാണ് പ്രദീപ് സുഹൃത്തിനെ വിളിച്ചത്. ഫോൺവിളി വന്നതോടെ സുഹൃത്തുക്കളും െപാലീസും വീണ്ടും സ്ഥലത്തെത്തി പ്രദീപിനെ രക്ഷപ്പെടുത്തി. മുഖത്തും കാലുകൾക്കും പരിക്കേറ്റ പ്രദീപിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.