ഹൈദരാബാദിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം. ഗാന്ധി ആശുപത്രിയിലെ കാഷ്വാലിറ്റി വാർഡിലാണ് സംഭവം. ലഹരിക്ക് അടിമയായ ആളാണ് വനിത ഡോക്ടറെ ആക്രമിച്ചത്. ബുധനാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.
40കാരനാണ് വനിത ഡോക്ടറെ ആക്രമിച്ചത്. മറ്റൊരു രോഗിയെ പരിശോധിക്കാനായി പോകുമ്പോൾ പിന്നിലൂടെ എത്തിയ ഇയാൾ ഡോക്ടറുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ച് അവരെ ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ ഡോക്ടറുടെ വസ്ത്രം കീറുകയും ചെയ്തു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിയിലെ ജീവനക്കാരും രോഗികളും പെട്ടെന്ന് തന്നെ എത്തിയതോടെ ഡോക്ടർക്ക് അപകടമൊന്നും സംഭവിച്ചില്ല. ഉടൻ തന്നെ രോഗി ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രധാന ഗേറ്റിൽ ചുമതലയിലുണ്ടായിരുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി. പിന്നീട് പൊലീസിന് കൈമാറുകയുംചെയ്തു.
ഗാന്ധി ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സംഘടനയുടെ പ്രതിനിധികൾ പറഞ്ഞു.
കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദിൽ നിന്നും ആക്രമണം സംബന്ധിച്ച വാർത്ത പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.