രക്ഷിതാക്കൾക്കൊപ്പം പോകണമെന്ന് പെൺ സുഹൃത്ത്; ഹൈകോടതിയിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം
text_fieldsകൊച്ചി: പെൺ സുഹൃത്ത് രക്ഷിതാക്കൾക്കൊപ്പം പോകുന്നുവെന്നറിയിച്ചതോടെ ഹൈകോടതി ജഡ്ജിന്‍റെ ചേംബറിന് മുന്നിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഹേബിയസ് കോർപസ് ഹരജിയിൽ ഹൈകോടതിയിൽ ഹാജരായ തൃശൂർ ചാലക്കുടി സ്വദേശി വിഷ്‌ണുവാണ് (31) തിങ്കളാഴ്ച രാവിലെ ജസ്റ്റിസ് അനു ശിവരാമന്‍റെ ചേംബറിന് പുറത്തുവെച്ച് കൈഞരമ്പു മുറിച്ചത്. ഇയാളെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ സ്വകാര്യ ലോ കോളജ് വിദ്യാർഥിനിയായ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി നൽകിയ ഹരജിയാണ് ജസ്റ്റിസ് അനുശിവരാമൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ വിഷ്ണുവിനൊപ്പം കഴിയുന്ന മകളെ വിട്ടുകിട്ടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
കോടതി നിർദേശ പ്രകാരം തിങ്കളാഴ്ച രാവിലെ യുവതിയെ ഹാജരാക്കുകയും ഇവർ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. ഉച്ചക്ക് ജഡ്ജിയുടെ ചേംബറിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ മാതാപിതാക്കൾക്കൊപ്പം പോവുകയാണെന്നും ആൺ സുഹൃത്തിന്‍റെ വാഹനത്തിൽ സൂക്ഷിച്ച തന്‍റെ ബാഗ് തിരിച്ചു വേണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതെടുത്ത് തിരികെ ചേംബറിന് മുന്നിലെത്തിയപ്പോഴാണ് വിഷ്ണു ബാഗിൽനിന്ന് കത്തിയെടുത്ത് കൈ ഞരമ്പ് മുറിച്ചത്.
ബഹളം കേട്ട് അടുത്ത ചേംബറിൽനിന്ന് പുറത്തുവന്ന ജസ്റ്റിസ് മേരി ജോസഫ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടണമെന്നും വിഷ്‌ണുവിനോട് അഭ്യർഥിച്ചു. തുടർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
നാളുകളായി വിഷ്ണുവും യുവതിയും ഒന്നിച്ചാണ് താമസം. മകളെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിഷ്ണുവിന്‍റെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.