വളം വിൽപന ഇനി 'ഭാരത്' ബ്രാൻഡിൽ
text_fieldsന്യൂഡൽഹി: വളം ഏതു കമ്പനി ഉൽപാദിപ്പിച്ചാലും വിൽക്കുന്നത് 'ഭാരത്' എന്ന പൊതുവായ പേരിൽ വേണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. നിർമാണക്കമ്പനിയുടെ ചാക്കിൽ എവിടെയെങ്കിലും ചെറുതായി കാണിച്ചാൽ മതി. യൂറിയ ആണെങ്കിൽ 'ഭാരത് യൂറിയ' എന്നാണ് ചാക്കിൽ വലുതായി എഴുതേണ്ടത്. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷാണെങ്കിൽ 'ഭാരത് എം.ഒ.പി'. ഡൈ അമോണിയം ഫോസ്ഫേറ്റാണെങ്കിൽ 'ഭാരത് ഡി.എ.പി' എന്നു വേണം എഴുതാൻ.
സബ്സിഡിയുള്ള വളത്തിന്റെ ചാക്കിൽ 'പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന (പി.എം.ബി.ജെ.പി) എന്ന് ഏറ്റവും വലുപ്പത്തിൽ കാണിച്ചിരിക്കണം. രാസവളം മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയത്. സ്വകാര്യ, പൊതുമേഖല കമ്പനികൾക്ക് ഇത് ബാധകമാണ്. പുതിയ ചാക്കുകൾ ഒക്ടോബർ രണ്ടു മുതൽ ഇറക്കിത്തുടങ്ങണം. ഇതിനകം പഴയപടി നിർമിച്ച ചാക്കുകൾ ഡിസംബർ 12 വരെ മാത്രം ഉപയോഗിക്കാം. വളം ലഭ്യത ഉറപ്പുവരുത്താനും തിരിമറി ഇല്ലാതാക്കാനും ചരക്കുകടത്തുസമയം കുറക്കാനുമെല്ലാം പുതിയ രീതി സഹായിക്കുമെന്നാണ് വിശദീകരണം. അതേസമയം, വളം കമ്പനികൾക്ക് ഉത്തരവിൽ അമർഷമുണ്ട്. നിർമാണക്കമ്പനിയുടെ ബ്രാൻഡ് മൂല്യവും വിപണിയിലെ തനിമയും തകർക്കുന്നതാണ് ഈ നടപടിയെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.