കൂടുതൽ പാർട്ടികൾ ഇൻഡ്യ മുന്നണിയിലേക്ക്; അടുത്ത യോഗത്തിൽ സീറ്റ് വിഭജനവും ചർച്ചയാകുമെന്ന് നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഇൻഡ്യ മുന്നണിയിൽ ചേരുമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ബി.ജെ.പിക്കെതിരായ വിശാലസഖ്യം രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ചുകൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് നിതീഷ്.
മുന്നണിയിലേക്ക് വരുന്ന പാർട്ടികളുടെ പേരുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗത്തിൽ സീറ്റ് പങ്കിടൽ ഉൾപ്പെടെയുള്ള ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം സൂചന നൽകി. ‘മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിനുള്ള ഇൻഡ്യ മുന്നണിയുടെ തന്ത്രങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും. സീറ്റ് വിഭജനം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും മറ്റ് നിരവധി അജണ്ടകൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. ഏതാനും രാഷ്ട്രീയ പാർട്ടികൾ കൂടി ഞങ്ങളുടെ സഖ്യത്തിൽ ചേരും’ -നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടികളെ ഒന്നിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ആ ദിശയിലാണ് പ്രവർത്തിക്കുന്നത്... എനിക്ക് മാത്രമായി ഒരു ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 പ്രതിപക്ഷ പാർട്ടികൾ ചേർന്നുള്ള സഖ്യം ഇതിനകം രണ്ടുതവണ യോഗം ചേർന്നിരുന്നു. ജൂൺ 23ന് പട്നയിലും ജൂലൈ 17-18 തീയതികളിൽ ബംഗളൂരുവിലും. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ മുംബൈയിലാണ് അടുത്ത യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.