ഖാപ് പഞ്ചായത്ത് നിശ്ചയിച്ച പ്രകാരം നടക്കും; ആത്മാഭിമാനത്തിന് വേണ്ടിയാണ് പോരാട്ടം -ബജ്റംഗ് പൂനിയ
text_fieldsന്യൂഡൽഹി: മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഡൽഹിയിൽ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ. ആത്മാഭിമാനത്തിന് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അവർ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. എന്നാൽ, ഇതിനൊപ്പം തന്നെ ജനാധിപത്യത്തെ കൊല്ലുകയാണ് അവർ ചെയ്യുന്നത്. കസ്റ്റഡിയിലെടുത്ത തങ്ങളുടെ അനുയായികളെ ഉടൻ വിട്ടയക്കണമെന്നും പൂനിയ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ ഖാപ്പ് പഞ്ചായത്ത് നടത്താനായി ഡൽഹിയിലേക്ക് മാർച്ച് നടത്തിയ പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയെ അമ്പാല അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഗുസ്തി താരങ്ങൾക്ക് വേണ്ടി നടത്തുന്ന വനിതാ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുക്കാൻ അമൃത്സറിൽ നിന്നാണ് കർഷക സംഘം യാത്ര തുടങ്ങിയത്.
ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനാം സിങ് ചരുണി ഉൾപ്പെടെ നിരവധി കർഷക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 4.45 ഓടെയാണ് സംഭവം. ഇവരുടെ സംഘത്തിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രദേശം പൊലീസ് വളഞ്ഞതിനാൽ ഇവർ ദേശീയപാത 44 ലെ മാൻജി സാഹിബ് ഗുരുദ്വാരയിൽ രാത്രി തങ്ങുകയായിരുന്നു.
തുടർന്ന് പൊലീസ് ഗുരുദ്വാരയുടെ പ്രവേശനകവാടങ്ങളെല്ലാം അടച്ചുപൂട്ടി. സംഘത്തെ പോകാൻ അനുവദിക്കുകയോ പ്രതിഷേധം നേരിടുകയോ ചെയ്യണമെന്ന് സർക്കാറിന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്.
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽനിന്നുള്ള വനിതകളാണ് ഖാപ് പഞ്ചായത്തിനായി ഡൽഹിയിൽ എത്തുമെന്ന് അറിയിച്ചത്. ജന്തർമന്തറിൽനിന്ന് 11.30ന് പാർലമെന്റിലേക്ക് മാർച്ചായി പുറപ്പെടാനായിരുന്നു തീരുമാനം. ഇതോടൊപ്പം ഡൽഹിയുടെ അതിർത്തികളിൽനിന്ന് കർഷകരടക്കമുള്ള സംഘം പാർലമെന്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.