നീതി ലഭിക്കുംവരെ പോരാടും -ഗുസ്തി താരങ്ങൾ
text_fieldsന്യൂഡല്‍ഹി: ലൈംഗികപരാതി ഉയർന്നിട്ടും ഇപ്പോഴും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ വിവിധയിടങ്ങളിൽ പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും നീതി ലഭിക്കുംവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഡൽഹി ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ. ഞങ്ങൾ സംസാരിക്കുന്നത് ഹൃദയത്തിൽനിന്നാണ്. രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ടല്ല സമരം നടത്തുന്നത്. പിന്തുണ അറിയിച്ച എല്ലാ കായികതാരങ്ങൾക്കും നന്ദിയുണ്ടെന്നും ഞായറാഴ്ച സമരവേദിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിഷേധക്കാർ പറഞ്ഞു. വനിതാ കായികതാരങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി ‘മൻ കി ബാത്’ നടത്തുന്ന പ്രധാനമന്ത്രി ഞങ്ങൾക്ക് പറയാനുള്ളതുകൂടി കേൾക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരെ ലൈംഗിക പരാതി നല്കിയ വനിതാ താരങ്ങളെല്ലാം കോണ്‍ഗ്രസ് നേതാവായ ദീപേന്ദര്‍ സിങ് ഹൂഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലിക്കുന്നവരാണെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചതുകൊണ്ട് നീതി ലഭിക്കില്ല. നീതി വേണമെങ്കില്‍ പൊലീസിനേയും കോടതിയേയും സമീപിക്കണം. ഇതുവരെ ഇതൊന്നും ചെയ്യാതെ അവര്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ കോടതി എന്തുതന്നെ വിധിച്ചാലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ് വ്യക്തമാക്കി.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി വീരേന്ദര്‍ സെവാഗ്, നിഖാത്ത് സരീന്, ഇര്ഫാന് പത്താന്, സാനിയാ മിര്‍സ, ഹര്ഭജന് സിങ്, കപില്‍ദേവ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര തുടങ്ങിയ കായിക മേഖലയിൽ നിന്നുള്ള പ്രമുഖരും പ്രതിപക്ഷ പാർട്ടി നേതാക്കളും രംഗത്തുവന്നിരുന്നു.
അതിനിടെ, ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ഏഴ് വനിത താരങ്ങൾക്ക് ഡൽഹി പൊലീസ് സുരക്ഷ ഒരുക്കി. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് നടപടി.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്തി താരങ്ങൾക്ക് പിന്തുണയേകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.