യുദ്ധവിമാന അപകടം; നഷ്ടമായതൊരു ധീരനെ
text_fieldsബംഗളൂരു: പരിശീലനപ്പറക്കലിനിടെ മധ്യപ്രദേശിൽ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാജ്യത്തിന് നഷ്ടമായത് കർണാടക സ്വദേശിയായ ധീരസൈനികനെ. മിറാഷ് വിമാനം പറത്തിയ പൈലറ്റ് വിങ് കമാൻഡർ ഹനുമന്ത് റാവു സാരഥിയാണ് ശനിയാഴ്ച അപകടത്തിൽ മരിച്ചത്.
കർണാടകയിലെ ബെളഗാവി ഗണേഷ് പുർ സ്വദേശിയാണ് 35കാരനായ ഇദ്ദേഹം. സുഖോയ് 30 എം.കെ.ഐ, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശിലെ മൊറീന ജില്ലയിൽ കൂട്ടിയിടിച്ചത്. ഗ്വാളിയോറിൽ വ്യോമസേനയുടെ ടാക്റ്റിക്സ് ആൻഡ് എയർ കോമ്പാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ ഫൈറ്റർ പൈലറ്റ് പരിശീലകനായിരുന്നു ഹനുമന്ത് റാവു. ബെളഗാവിയിലെ കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. 2009ലാണ് സൈന്യത്തിൽ ചേർന്നത്. ഭാര്യ മിമാൻഷക്കും മക്കൾക്കുമൊപ്പം ഗ്വാളിയോറിലായിരുന്നു താമസം. മൂന്നുവയസ്സുള്ള പെൺകുട്ടിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും പിതാവാണ്. മരണവിവരം അറിഞ്ഞതോടെ നാട് ദുഃഖത്തിലാഴ്ന്നു.
ധീരനായ യോദ്ധാവിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും. കുടുംബത്തെ ആശ്വസിപ്പിക്കാൻ നിരവധി പേരാണ് വീട്ടിലേക്കെത്തിയത്. പിതാവ് രേവൺ സിദ്ദപ്പ സാരഥി സൈന്യത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റനാണ്. സഹോദരൻ പ്രവീൺ സാരഥി നിലവിൽ സൈന്യത്തിൽ ഗ്രൂപ് ക്യാപ്റ്റനാണ്. ഭൗതികശരീരം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചത്. തുടർന്ന് ബെളഗാവിയിലെ വസതിയിലെത്തിച്ച് വൈകീട്ടോടെ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ധീരനായ സൈനികനെയാണ് നഷ്ടമായതെന്ന് കർണാടക മുഖ്യമന്ത്രി അനുശോചിച്ചു. മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.