മറ്റു പാർട്ടിയിൽനിന്ന് വന്നവരും പഴയ നേതാക്കളും തമ്മിലടി; ബി.ജെ.പിയുടെ ബംഗാൾ പോരാട്ടം പതറുന്നു
text_fieldsകൊൽക്കത്ത: മമത സർക്കാറിനെ കടപുഴക്കി അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവർത്തനമാരംഭിച്ച ബംഗാൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങൾ പാളയത്തിലെപ്പോരിൽ തകിടം മറിയുന്നു. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരും മറ്റ് പാർട്ടികളിൽനിന്ന് മറുകണ്ടം ചാടി എത്തിയവരും തമ്മിൽ ഏതാനും മാസമായി പുകയുന്ന തർക്കം സ്ഥാനാർഥി നിർണയഘട്ടമായപ്പോൾ ആളിക്കത്തുകയാണ്.
മറ്റ് പാർട്ടിയിൽനിന്നുള്ള നേതാക്കളെ വലവീശിപ്പിടിച്ചതോടെ കുറഞ്ഞ കാലംെകാണ്ട് സംസ്ഥാനത്ത് ബി.ജെ.പി വൻ വളർച്ചയാണ് കൈവരിച്ചത്. തൃണമൂലിൽനിന്ന് 19 പേരടക്കം മറ്റുപാർട്ടിക്കാരായ 28 എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്. അവർക്കൊപ്പം നൂറുകണക്കിന് അനുയായികളും. പല നേതാക്കളും കാലുമാറി വന്നയുടൻതന്നെ ദേശീയ സെക്രട്ടറി പദം ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളാണ് ബി.ജെ.പി നൽകിയത്.
എന്നാൽ, മറ്റ് പാർട്ടികളിൽനിന്നെത്തിയ അഴിമതിക്കാരായ നേതാക്കളെയും വെച്ച് അഴിമതിവിരുദ്ധ പോരാട്ടം അസാധ്യമാണെന്ന നിലപാടാണ് പാർട്ടിയിലെ പരമ്പരാഗത നേതാക്കൾക്ക്. മറ്റ് പാർട്ടികളിൽനിന്ന് അടർത്തിക്കൊണ്ടുവന്ന നേതാക്കൾ സീറ്റുറപ്പിക്കുേമ്പാൾ പതിറ്റാണ്ടുകളായി കാവിപ്പടക്കൊപ്പം ഉറച്ചു നിന്നവർ തഴയപ്പെടുമെന്ന ആശങ്കയും വ്യാപകം.
294 അംഗ നിയമസഭയിലേക്ക് മത്സരിക്കാൻ 8000ത്തിലേറെ സീറ്റ് മോഹികളാണ് പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്നാപൂരിലെ 16 സീറ്റുകളിൽ ഏറെയും മേഖലയിലെ ശക്തിമാനായ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ അനുയായിക്കായി നീക്കിവെക്കേണ്ടി വരും. ഹൗറയിലെ സീറ്റുകൾ മുൻ തൃണമൂൽ മന്ത്രി റജിബ് ബാനർജിയുടെ ആളുകൾക്കും.
തൃണമൂലിൽനിന്ന് കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുമെന്നറിയിക്കുന്ന പോസ്റ്ററുകൾ പല പ്രാദേശിക ബി.ജെ.പി ഘടകങ്ങളും പതിച്ചു കഴിഞ്ഞു. പഴയ പ്രവർത്തകരും പുതുതായി വന്നവരും തമ്മിലെ സംഘട്ടനം വാക്തർക്കവും കടന്ന് കൈയാങ്കളിയിലും തീവെപ്പിലും കലാശിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മുതിർന്ന ആർ.എസ്.എസ് നേതാക്കളിൽ പലരും ഈ പരിണതിയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, വളർച്ചയിലെ സ്വാഭാവിക പ്രക്രിയമാത്രമാണ് അഭിപ്രായവ്യത്യാസങ്ങളെന്ന നിലപാടാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിനെേപ്പാലുള്ള നേതാക്കൾക്ക്. കുടുംബം വളരുന്നതിനൊപ്പം ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും മറ്റുള്ള പാർട്ടികളിൽനിന്നുള്ളവരെക്കൂടെ സ്വീകരിക്കാതെ പാർട്ടിക്ക് വളരാനാവില്ലെന്നും ഘോഷ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ ബി.ജെ.പിക്ക് ഇത്തരം നിസ്സാര പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയ വർഗീയയും പറയുന്നു. എന്നാൽ, സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതോടെ ബംഗാൾ ബി.ജെ.പിയെ കാത്തിരിക്കുന്നത് പൊട്ടിത്തെറിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.