ബി.ജെ.പിക്കെതിരെ ഒരുമിച്ച് പടയൊരുക്കം; വിശാല പ്രതിപക്ഷ യോഗം പട്‌നയിൽ തുടങ്ങി
text_fieldsപട്ന: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വീഴ്ത്താനുള്ള സംയുക്ത തന്ത്രം മെനയാൻ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ബീഹാർ തലസ്ഥാനമായ പട്നയിൽ തുടങ്ങി.
വരാനിരിക്കുന്ന നാല് നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ട് സംയുക്ത നീക്കത്തിനായി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്.
നിതീഷ് കുമാർ (ജെഡിയു), മല്ലികാർജുൻ ഖാർഗെ (ഐഎൻസി), രാഹുൽ ഗാന്ധി (ഐഎൻസി),മമത ബാനർജി (എഐടിസി), എംകെ സ്റ്റാലിൻ (ഡിഎംകെ), അരവിന്ദ് കെജ്രിവാൾ (എഎപി), ഹേമന്ത് സോറൻ (ജെഎംഎം), ഉദ്ധവ് താക്കറെ (എസ്എസ്-യുബിടി), ശരദ് പവാർ (എൻസിപി), ലാലു പ്രസാദ് യാദവ് (ആർജെഡി), ഭഗവന്ത് മാൻ (എഎപി), അഖിലേഷ് യാദവ് (എസ്പി), സീതാറാം യെച്ചൂരി (സിപിഐഎം), കെസി വേണുഗോപാൽ (ഐഎൻസി), സുപ്രിയ സുലെ (എൻസിപി) ), മനോജ് ഝാ (ആർജെഡി), ഫിർഹാദ് ഹക്കിം (എഐടിസി), പ്രഫുൽ പട്ടേൽ (എൻസിപി), രാഘവ് ഛദ്ദ (എഎപി), സഞ്ജയ് സിംഗ് (എഎപി), സഞ്ജയ് റാവത്ത് (എസ്എസ്-യുബിടി), ലാലൻ സിംഗ് ( ജെഡിയു) , സഞ്ജയ് ഝാ (ആർജെഡി), ഒമർ അബ്ദുള്ള (എൻസി), ടി ആർ ബാലു (ഡിഎംകെ), മെഹബൂബ മുഫ്തി (പിഡിപി), ദിപങ്കർ ഭട്ടാചാര്യ (സിപിഐഎംഎൽ), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (എഐടിസി), ആദിത്യ താക്കറെ (എസ്എസ്-യുബിടി), ഡി രാജ (സിപിഐ) എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താൻ പോകുകയാണെന്നും കോൺഗ്രസ് പാർട്ടിയുടെ 'ഭാരത് ജോഡോ' പ്രത്യയശാസ്ത്രവും ബി.ജെ.പിയുടെ 'ഭാരത് ടോഡോ' ചിന്തയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യോഗത്തിന് മുൻപ് പറഞ്ഞു.
പാർട്ടി അണികളിലെ ഐക്യത്തിന്റെ പ്രാധാന്യം അടിവരയിട്ട്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നമ്മൾ ഒരുമിച്ച് നിൽക്കേണ്ടത് വളരെ പ്രധാനമാണ്, ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ, ഒരുമിച്ച് നിൽക്കേണ്ടത് ആവശ്യമാണെന്ന് നിതീഷ് കുമാർ സൂചിപ്പിച്ചു.
ഫാഷിസ്റ്റ് ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ യുദ്ധക്കാഹളമാണ് പട്നയിൽ നടക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
അതേ സമയം, വിശാല പ്രതിപക്ഷയോഗത്തെ ബി.ജെ.പി പരിഹസിച്ചു. പട്നയിൽ നടക്കുന്നത് ഫോട്ടോസെഷൻ മാത്രമാണെന്നും പ്രതിപക്ഷ ഐക്യം എന്നത് അസാധ്യമായ ഒന്നാണെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.