ശിരോവസ്ത്ര കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരായ ട്വീറ്റ് ചെയ്തതിന് നടൻ ചേതൻ അഹിംസ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിലെ അംഗത്തിനെതിരായ ട്വീറ്റിന്‍റെ പേരിൽ നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ അറസ്റ്റിൽ. ശിരോവസ്ത്ര കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിനെ പരാമർശിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്ന് ചേതൻ അഹിംസയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമീഷണർ കമൽപന്ത് പറഞ്ഞു.
ഹൈകോടതിയിൽ പരിഗണനയിലുള്ള ശിരോവസ്ത്ര കേസിൽ ജനങ്ങൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് കമീഷണർ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 16ന് ചേതൻ ഇട്ട ട്വീറ്റിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
രണ്ടു വർഷം മുമ്പ് ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജഡ്ജി അസാധാരണ പരാമർശം നടത്തിയത് ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ വാദത്തിന്, 'ബലാത്സംഗത്തിന് ശേഷം കിടന്നുറങ്ങുക എന്നത് ഭാരതസ്ത്രീകൾക്ക് ചേർന്നതല്ലെന്നും പീഡിപ്പിക്കപ്പെട്ട സ്ത്രീ അങ്ങനെയല്ല പ്രതികരിക്കുക' എന്നുമായിരുന്നു ജഡ്ജി വിധിയിൽ പരാമർശിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്‍റെ ട്വീറ്റ്. അന്ന് ഇട്ട ആ ട്വീറ്റ് ടാഗ് ചെയ്ത്, ഇതേ ജഡ്ജി ശിരോവസ്ത്ര കേസ് പരിഗണിക്കുകയാണെന്നും അദ്ദേഹത്തിന് ഇക്കാര്യത്തിൽ വ്യക്തത വേണ്ടതുണ്ടോ എന്നു ചോദിച്ചായിരുന്നു പുതിയ ട്വീറ്റ്.
ചേതൻ കസ്റ്റഡിയിലായ വിവരം ചൊവ്വാഴ്ച ഫേസ്ബുക്കിലൂടെ ഭാര്യ മേഘയാണ് അറിയിച്ചത്. തങ്ങളെ ആരും വിവരമറിയിച്ചില്ലെന്നും ചേതന്‍റെ ഫോൺ സ്വിച്ച് ഓഫാണെന്നും അവർ പറഞ്ഞു. ചേതനെ കുറിച്ചുള്ള വിവരം തേടി മേഘ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
ബ്രാഹ്മണിസത്തിനെതിരായ ടീറ്റിെൻറ പേരിൽ നേരത്തെ ചേതൻ അഹിംസയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിൽ ജാതീയ അസമത്വത്തിെൻറ അടിവേര് ബ്രാഹ്മണിസമാണ് എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തെ തുടർന്നായിരുന്നു ആ വിവാദം. ചേതൻ അഹിംസക്കെതിരെ വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.