ബി.ജെ.പിക്ക് വഴിയൊരുക്കാൻ സിനിമകളും
text_fieldsമുംബൈ: പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പത്തോളം സിനിമകൾ. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള ഈ സിനിമകൾ ഇസ്‍ലാമോഫോബിയ വളർത്തുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു. ഇടത്-ലിബറൽ ആശയങ്ങൾക്കെതിരെയും ഈ സിനിമകൾ പ്രചാരണം നടത്തുന്നുണ്ട്.
ഗോധ്ര ട്രെയിൻ തീപിടിത്തവും തുടർന്നുണ്ടായ ഗുജറാത്ത് കലാപവും പ്രമേയമാകുന്ന ‘ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോധ്ര’, ‘ദി സബർമതി റിപ്പോർട്ട്’ എന്നീ സിനിമകൾ 59 ഹിന്ദു തീർഥാടകരുടെ മരണത്തിനിടയാക്കിയ ഗോധ്ര ട്രെയിൻ തീപിടിത്തത്തിന് പിന്നിലെ ‘യഥാർഥ കഥകൾ’ പുറത്തുകൊണ്ടുവരുന്നുവെന്നാണ് അവകാശ വാദം.
‘ആഖിർ പലായൻ കബ് തക്’ എന്ന മറ്റൊരു സിനിമ ഹിന്ദു പലായനത്തിന്റെ കഥയാണ് പറയുന്നത്. ‘റസാകർ’ എന്ന സിനിമയാകട്ടെ, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഹൈദരാബാദിലെ അർധ സൈനിക വിഭാഗമായ റസാകർമാർ നടത്തിയ ‘ഹിന്ദു വംശഹത്യ’യുടെ കഥ പറയുന്നതാണ്. ബി.ജെ.പി നേതാവാണ് സിനിമ നിർമിച്ചത്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ‘ആർട്ടിക്കിൾ 370’ എന്ന സിനിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രശംസിച്ചിരുന്നു. വീർ സവർക്കറിനെക്കുറിച്ചുള്ള സിനിമയും ഇക്കൂട്ടത്തിലുണ്ട്.
സമീപകാലത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’, ‘കേരള സ്റ്റോറി’ എന്നീ സിനിമകൾ മുസ്‍ലിംകൾക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നതായിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പും സമാന പ്രവണതയുണ്ടായിരുന്നു. ബി.ജെ.പിയുടെ ആശയപ്രചാരണത്തിനാണ് ഇത്തരം സിനിമകൾ പുറത്തിറങ്ങുന്നതെന്ന് വിമർശകർ പറയുന്നു. രോഹിംഗ്യൻ മുസ്‍ലിംകൾ ഹിന്ദുക്കളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുമെന്ന തരത്തിൽ ഭീതി ജനിപ്പിക്കുന്നതിലും ഇത്തരം സിനിമകൾ പങ്കു വഹിക്കുന്നുണ്ട്. മഹാത്മാഗാന്ധി ഇല്ലായിരുന്നെങ്കിൽ 30 വർഷം മുമ്പെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നുവെന്ന് ‘സവർക്കർ’ സിനിമ പറഞ്ഞുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.