ഒടുവിൽ മോദി മിണ്ടി; 'മണിപ്പൂർ'
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ ശക്തമായ സമ്മർദത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മണിപ്പൂർ വിഷയത്തിൽ മൗനം ഭഞ്ജിച്ചു. മണിപ്പൂരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ തന്റെ സർക്കാർ നിരന്തര പരിശ്രമത്തിലാണെന്ന് പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ രാജ്യസഭയിൽ പ്രധാനമന്ത്രി ബുധനാഴ്ച വ്യക്തമാക്കി. അതേസമയം, ഒരു വർഷമായി കലാപം തുടരുന്ന മണിപ്പൂർ ഇനിയും സന്ദർശിക്കാത്തതിനെക്കുറിച്ച് പ്രധാനമന്ത്രി നിശ്ശബ്ദത പാലിച്ചു.
പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മണിപ്പൂരിലെ കോൺഗ്രസ് എം.പിയും നടത്തിയ ആക്രമണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ലോക്സഭയിൽ മണിപ്പൂരിന് നീതിചോദിച്ച് പ്രതിപക്ഷം നടുത്തളത്തിൽ നിലയുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദി മൗനം വെടിഞ്ഞത്.
മൗനഭഞ്ജനം ഒരുവർഷം കഴിഞ്ഞ്
2023 മേയ് മൂന്നിന് മണിപ്പൂരിൽ കലാപം തുടങ്ങിയതുമുതൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി, കലാപകാരികൾ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഡിയോ ഏറെ കോളിളക്കമുണ്ടാക്കിയപ്പോഴാണ് 2023 ജൂലൈ 23ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ചെറിയ പരാമർശം നടത്തിയത്. എന്നാൽ, കഴിഞ്ഞ പാർലമെന്റ് സെഷനിൽ താനിക്കാര്യം വിശദമായി സംസാരിച്ചതാണെന്നും ഒരിക്കൽ കൂടി ആവർത്തിക്കുകയാണെന്നും ബുധനാഴ്ച രാജ്യസഭയിൽ അവകാശപ്പെട്ടു.
‘മിക്ക ഭാഗങ്ങളും സാധാരണ പോലെ’
മണിപ്പൂരിൽ ഇതുവരെ 11,000 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തുവെന്നും 500 പേർ അറസ്റ്റിലായെന്നും മോദി പറഞ്ഞു. ചെറിയൊരു സംസ്ഥാനമാണതെന്ന് ഓർക്കണം. മണിപ്പൂരിൽ അക്രമസംഭവങ്ങൾ കുറയുകയാണെന്ന് സമ്മതിച്ചേ മതിയാകൂ. ഇന്ന് മണിപ്പൂരിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ ദിവസങ്ങൾ പോലെ സ്കൂളുകളും കോളജുകളും ഓഫിസുകളും പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ അവിടെ പരീക്ഷകളും നടക്കുന്നുണ്ട്.
‘സമാധാന ശ്രമങ്ങൾ തുടരുന്നു’
സമാധാനം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളും കലാപവുമായി ബന്ധപ്പെട്ട മറ്റു കക്ഷികളും തമ്മിൽ സംഭാഷണം തുടരുകയാണ്. കഴിഞ്ഞ സർക്കാറുകളുടെ കാലത്ത് ഇതുണ്ടായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവിടെ ദിവസങ്ങളോളം തങ്ങി. ആഭ്യന്തര സഹമന്ത്രി ആഴ്ചകളോളം താമസിച്ച് കക്ഷികളുമായി സംഭാഷണം നടത്തി. ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. അവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെല്ലാം കലാപബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുന്നുണ്ട്.
‘എരിതീയിൽ എണ്ണയൊഴിക്കുകയാണ് ചിലർ’
മണിപ്പൂരിന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി ഉയർന്നുനിൽക്കണമെന്ന് പ്രധാനമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. മണിപ്പൂരിലെ തീയിൽ എണ്ണയൊഴിക്കുകയാണ് ചിലർ. അത് അവസാനിപ്പിക്കണമെന്ന് അവരോട് അപേക്ഷിക്കുകയാണ്. മണിപ്പൂർ അവരെ തള്ളുന്ന ഒരു കാലം വരും.
മണിപ്പൂരിന്റെ ചരിത്രം അറിയുന്നവർക്ക് ദീർഘകാലമായുള്ള സാമൂഹിക സംഘർഷമറിയാം. സംഘർഷത്തിന്റെ വേരുകൾ ആഴത്തിലുള്ളതാണ്. ആർക്കുമത് നിഷേധിക്കാനാവില്ല. അതുകൊണ്ടാണ് 10 തവണ മണിപ്പൂരിൽ കോൺഗ്രസ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്ന് മറക്കരുത്. 1993ലും സമാന സംഭവങ്ങളുണ്ടായി. അഞ്ചുവർഷമാണ് അത് നീണ്ടുനിന്നത്. ഇതെല്ലാം മനസ്സിലാക്കി വേണം സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള ശ്രമം. അതിനാരെങ്കിലും സംഭാവന ചെയ്യുകയാണെങ്കിൽ സ്വീകരിക്കും. ഇപ്പോൾ മണിപ്പൂരിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. അത് നേരിടാൻ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ടെന്നും മോദി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.