നോട്ട് നിരോധിച്ചതിന് ശേഷം കശ്മീരിൽ കല്ലേറ് കുറഞ്ഞു -ജെയ്റ്റ്ലി
text_fieldsമുംബൈ: കേന്ദ്ര സർക്കാറിന്‍റെ നോട്ട് നിരോധിച്ച നടപടി രാജ്യത്തെ മാവോവാദികളെയും കശ്മീരിലെ വിഘടനവാദികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിന് ശേഷം കശ്മീരിലെ പ്രക്ഷോഭങ്ങളും സൈന്യത്തിന് നേരെയുള്ള കല്ലേറും കുറഞ്ഞു. നോട്ട് നിരോധനത്തിന് മുമ്പ് ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍, ഇപ്പോൾ 25ല്‍ താഴെ ആളുകള്‍ മാത്രമാണ് കല്ലേറ് അടക്കമുള്ള അക്രമങ്ങൾക്കായി തെരുവില്‍ ഇറങ്ങുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
സമ്പദ് വ്യവസ്ഥക്ക് പുറത്തു വിനിമയം ചെയ്യപ്പെട്ടിരുന്ന പണം നോട്ട് അസാധുവാക്കല്‍ നടപടിയോടെ ബാങ്കിങ് സംവിധാനത്തിന്‍റെ ഭാഗമായി. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രതിരോധ രംഗത്തും ഗ്രാമവികസന രംഗത്തും അടിസ്ഥാന സൗകര്യവികസന രംഗത്തും സര്‍ക്കാര്‍ വന്‍നിക്ഷേപം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയർത്തും. ഇതോടെ ഗോരഖ്പൂരില്‍ നടന്നതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കും. നിലവിലെ വളര്‍ച്ചാ നിരക്കില്‍ മോദി സര്‍ക്കാര്‍ സംതൃപ്തരാകില്ല. വളര്‍ച്ച വേഗത്തിലാക്കാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.