മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപ മികച്ച രീതിയിൽ പിടിച്ചുനിൽക്കുന്നു -രൂപയുടെ റെക്കോഡ് തകർച്ചയെ പ്രതിരോധിച്ച് നിർമല സീതാരാമൻ
text_fieldsപുനെ: രൂപയുടെ മൂല്യമിടിഞ്ഞതിനെ പ്രതിരോധിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ഡോളറിനെതിരായ മറ്റ് കറൻസികളുടെ വിനിമയവുമായി താരതമ്യം ചെയ്യുമ്പോൾ രൂപ മികച്ച നിലയിൽ പിടിച്ചുനിൽക്കുന്നതായി മന്ത്രി അവകാശപ്പെട്ടു. രൂപ എത്രയും പെട്ടെന്ന് തിരിച്ചുകയറുമെന്ന് മന്ത്രി സൂചിപ്പിച്ചു.
വെള്ളിയാഴ്ചയാണ് യു.എസ് ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയായ 81.09ലേക്ക് കൂപ്പുകുത്തിയത്.സ്ഥിതിഗതികൾ റിസർവ് ബാങ്കും ധനമന്ത്രാലയവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
''മറ്റു കറൻസികളെപ്പോലെ ചാഞ്ചാട്ടത്തിലാകാത്ത ഏതെങ്കിലും ഒരു കറൻസിയുണ്ടെങ്കിൽ അത് ഇന്ത്യൻ റുപ്പിയാണ്. നമ്മൾ വളരെ നന്നായി പിടിച്ചുനിന്നു''- അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ മൂല്യത്തകർച്ചയിൽ മറ്റ് കറൻസികൾ യു.എസ് ഡോളറിനെതിരെ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് പഠനം നടത്താനും അവർ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 30 പൈസ ഇടിഞ്ഞ് 81.09 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. വ്യാഴാഴ്ച, രൂപ 83 പൈസ ഇടിഞ്ഞ് 80.79 ൽ ക്ലോസ് ചെയ്തു. ഏകദേശം ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണിത്.
യുക്രെയ്ൻ-റഷ്യ യുദ്ധത്തെ തുടർന്നുണ്ടായ പിരിമുറുക്കങ്ങളാണ് രൂപയുടെ തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. യുദ്ധം കാരണം ചരക്കു വില കുതിച്ചുയർന്നു. വികിസിത രാജ്യങ്ങളിലെ പണപ്പെരുപ്പം വർധിച്ച് റൊക്കോഡിലെത്തി. തുടർന്ന് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.