വാട്സ്ആപ് വഴി സാമ്പത്തിക തട്ടിപ്പ്; കശ്മീർ, ബംഗളൂരു സ്വദേശികൾ അറസ്റ്റിൽ
text_fieldsമംഗളൂരു: ഓൺലൈൻ ഇടപാടിലൂടെ 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു-കശ്മീർ സ്വദേശി സുഹൈൽ വാനി (31), ബംഗളൂരുവിലെ അമീർ സുഹൈൽ (30) എന്നിവരാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നട ജില്ലയിൽ കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരാതിക്കാരൻ വാട്സ്ആപിൽ ലഭിച്ച സന്ദേശം പിന്തുടർന്നാണ് കെണിയിൽ അകപ്പെട്ടത്. വാട്സ്ആപ്, ടെലിഗ്രാം പോലുള്ള ജനപ്രിയ സന്ദേശ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്. പരാതിക്കാരന് വാട്സ്ആപ് വഴിയാണ് ആദ്യം സന്ദേശം ലഭിച്ചത്. ഇത് ടെലഗ്രാമിൽ നിരവധി ആശയവിനിമയങ്ങളിലേക്ക് നയിച്ചു. ഈ സന്ദേശം കൈമാറ്റങ്ങൾക്കിടയിൽ പ്രതികൾ ഒരു വിഡിയോ അവതരിപ്പിച്ചു. പരാതിക്കാരനോട് അത് കാണാൻ അഭ്യർഥിക്കുകയും സ്ഥിരീകരണമായി ഒരു സ്ക്രീൻഷോട്ട് അയക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ -‘തിരുത്തൽ-’ ടെലിഗ്രാം ലിങ്ക് അയച്ചു, പരാതിക്കാരനോട് 1000 അടക്കാൻ ആവശ്യപ്പെട്ടു.
പ്രലോഭനങ്ങളിൽ വീണ പരാതിക്കാരൻ ചെറിയ തുകകളിൽ തുടങ്ങി ഗണ്യമായ തുകകൾ കൈമാറുകയും പ്രതിയുടെ നിയന്ത്രണത്തിലുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 28,18,065 രൂപ അയക്കുകയും ചെയ്തു. പണം നഷ്ടമായെന്ന് ബോധ്യമായതോടെയാണ് ഐ.ടി ആക്ട് പ്രകാരം കൊണാജെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് സർവിസ് നടത്തുന്ന പ്രതികളെ ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കുളത്തിന് സമീപമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ മംഗളൂരു കോടതിയിൽ ഹാജരാക്കി.
വ്യാജ ഇടപാടുകളിലൂടെ പ്രതിദിനം 3000 രൂപ മുതൽ 5000 രൂപ വരെ സമ്പാദിക്കുന്നതായി അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകി. മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർമാരായ ദിനേശ് കുമാർ, സിദ്ധാർഥ ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൊലീസ് ഓപറേഷനിൽ അസിസ്റ്റന്റ് കമീഷണർ ധന്യ എൻ. നായക്, ഇൻസ്പെക്ടർ രാജേന്ദ്ര ബി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.