ടെലികോം കമ്പനികളുടെ സാമ്പത്തിക ആരോഗ്യം; വൻകിട പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ടെലികോം കമ്പനികളുടെ സാമ്പത്തിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ വൻകിട പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. സർക്കാറിലേക്ക് അടക്കാനുള്ള സഹസ്ര കോടികളുടെ കുടിശ്ശികക്ക് നാലു വർഷത്തെ മൊറട്ടോറിയം. സർക്കാർ അനുമതി കൂടാതെതന്നെ ടെലികോം മേഖലയിൽ പൂർണ വിദേശ നിക്ഷേപം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സ്പെക്ട്രം ഉപയോഗത്തിനുള്ള ചാർജ് കുറച്ചുകൊടുത്തു. മൊത്ത വരുമാനത്തിെൻറ അടിസ്ഥാനത്തിൽ നൽകേണ്ട ലൈസൻസ് ഫീസും കുറച്ചു.
വിദേശനിക്ഷേപ വ്യവസ്ഥകൾക്കൊപ്പം, സുപ്രധാന ടെലികോം സാമഗ്രികളുടെ ഇറക്കുമതി ഉദാരമാക്കി. പ്രതിമാസത്തിനു പകരം വാർഷികാടിസ്ഥാനത്തിലാണ് കുടിശ്ശിക തുകയുടെ പലിശ കണക്കാക്കുക. 5ജി ലേലത്തിലേക്ക് വഴിതെളിക്കുന്നതുകൂടിയാണ് സർക്കാർ തീരുമാനം.
പണഞെരുക്കം മാറ്റാൻ ആശ്വാസ പാക്കേജിന് ടെലികോം കമ്പനികൾ കടുത്ത സമ്മർദം ചെലുത്തിവരുകയായിരുന്നു. കോവിഡ്കാലത്ത് ഫോൺ, ഡേറ്റ ഉപയോഗത്തിലുണ്ടായ വൻവർധനക്കിടയിലും പ്രതിസന്ധികൾ ഉണ്ടാകാതെ ടെലികോം കമ്പനികൾ മികച്ച പ്രകടനമാണ് നടത്തിയതെന്ന വിശദീകരണത്തോടെയാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
മന്ത്രിസഭ തീരുമാനത്തിനു പിന്നാലെ എയർടെൽ തുടങ്ങി വിവിധ ടെലികോം കമ്പനികളുടെ ഓഹരിവില കുതിച്ചുയർന്നു. ടെലികോം മേഖലയിൽ 49 ശതമാനം വരെ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് (എഫ്.ഡി.ഐ) അനുവദിച്ചിരുന്നത്. അതിനു മുകളിൽ വിദേശനിക്ഷേപം ആവശ്യമെങ്കിൽ സർക്കാറിെൻറ പ്രത്യേകാനുമതി വേണം. എന്നാൽ, 100 ശതമാനം എഫ്.ഡി.ഐ അനുവദിച്ചതോടെ, നിക്ഷേപം സ്വീകരിക്കാൻ കമ്പനികൾക്ക് സർക്കാറിെൻറ അനുമതിക്ക് കാത്തുനിൽക്കേണ്ട.
അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നു പക്ഷേ, നിക്ഷേപം സ്വീകരിക്കാൻ പറ്റില്ല. തദ്ദേശവ്യവസായങ്ങൾക്ക് സമ്മർദം സൃഷ്ടിക്കുന്ന വ്യവസായതന്ത്രങ്ങൾ തടയുകയാണ് ലക്ഷ്യം. അതിർത്തി തർക്കത്തിെൻറയും മറ്റു സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഇത്തരമൊരു വിലക്ക് 2020 ഏപ്രിലിൽതന്നെ കൊണ്ടുവന്നിരുന്നു.
വാഹന, േഡ്രാൺ നിർമാതാക്കൾക്കും പ്രോത്സാഹനം
ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ
ന്യൂഡൽഹി: വാഹന, ഡ്രോൺ നിർമാണമേഖലയിൽ കമ്പനികളും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ പദ്ധതി. അഞ്ചു വർഷത്തേക്ക് 26,058 കോടി രൂപയുടെ ഉൽപാദന ബന്ധ ആനുകൂല്യമാണ് കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചത്. ബാറ്ററിയിൽ ഓടുന്ന ഇലക്ട്രിക് വാഹന നിർമാണം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഊന്നൽ. വാഹനനിർമാണത്തിനൊപ്പം വാഹന ഭാഗങ്ങളുടെ നിർമാണവും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കും. ഡ്രോൺ നിർമാണമേഖലക്കായി 120 കോടി രൂപയാണ് വകയിരുത്തിയത്. 13 മേഖലകൾക്കായി 1.97 ലക്ഷം കോടി രൂപയുടെ ഉൽപാദന ബന്ധ ആനുകൂല്യം (പി.എൽ.ഐ) കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വാഹനനിർമാണ വ്യവസായികൾക്കുപുറമെ, ഇൗ മേഖലയിലെ പുതിയ നിക്ഷേപകർക്കും സർക്കാറിെൻറ പ്രോത്സാഹനം ലഭിക്കും. അതേസമയം, കഴിഞ്ഞ നവംബറിൽ വാഹനമേഖലക്ക് നിശ്ചയിച്ച 57,042 കോടിയുടെ ആനുകൂല്യം ഇക്കൊല്ലം ഫലത്തിൽ കുറയുകയാണ്.
ഇളവുകൾ പലവിധം
ടെലികോം കമ്പനികൾക്ക് മറ്റു
മേഖലകളിൽനിന്നു കിട്ടുന്ന
വരുമാനം മൊത്തവരുമാനക്കണക്കിൽ ഉൾപ്പെടുത്തില്ല.
ലൈസൻസ് ഫീസിനത്തിൽ
നൽകേണ്ട ബാങ്ക് ഗാരൻറി
80 ശതമാനം കണ്ട് കുറച്ചു.
വ്യത്യസ്ത സേവന
പ്രദേശങ്ങൾക്ക്
വെവ്വേറെ ബാങ്ക്
ഗാരൻറി വേണ്ട.
പലിശനിരക്ക് പുനഃക്രമീകരിച്ചു;
പിഴ ഒഴിവാക്കി
ഇനിയുള്ള ലേലങ്ങളിൽ
സ്പെക്ട്രത്തിെൻറ കാലാവധി
20ൽനിന്ന് 30 വർഷമാക്കി.
10 വർഷത്തിനുശേഷം ഈ
സ്പെക്ട്രം വേണ്ടെന്നുവെക്കാം.
സ്പെക്ട്രം ഉപയോഗ ചാർജ്
ഇനിമുതൽ ഉണ്ടാവില്ല.
സ്പെക്ട്രം പങ്കുവെക്കുന്നതിനുള്ള അധിക യൂസേജ് ഫീസ് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.